ഉത്തര്‍പ്രദേശ്: നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനും അമ്മാവന്‍ ശിവ്പാല്‍ യാദവിനുമെതിരെ പാര്‍ട്ടി സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാതെ കോണ്‍ഗ്രസ്. സ്ഥാനാര്‍ഥി പ്രഖ്യാപനം അവസാനിച്ചപ്പോള്‍ കര്‍ഹാലിലും ജസ്വന്ത് നഗറിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്തത് വലിയ ചര്‍ച്ചയായിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും മത്സരിച്ച അമേഠിയിലും റായ്ബറേലിയിലും സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല. എസ് പിയുടെ അന്നത്തെ നിലപാടിന് സമാനമായ തീരുമാനമാണ് കോണ്‍ഗ്രസ് ഇത്തവണ കൈക്കൊള്ളുന്നതെന്ന് കോണ്‍ഗ്രസ് വക്താക്കള്‍ അറിയിച്ചു.
ജസ്വന്ത് നഗര്‍ മണ്ഡലത്തിലേക്ക് മത്സരിക്കുന്നതിനായി ആറ് പേരുകള്‍ നിര്‍ദേശിച്ചിരുന്നെങ്കിലും പാര്‍ട്ടി ഹൈക്കമാന്‍ഡ് എല്ലാ പേരുകളും തള്ളുകയായിരുന്നുവെന്നാണ് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം പറഞ്ഞത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കുമ്പോള്‍ മുലായം സിംഗ് യാദവ് അതിനെതിരെ എസ് പി സ്ഥാനാര്‍ഥികളെ നിര്‍ത്താറില്ല. കോണ്‍ഗ്രസ് അതേ മര്യാദ തന്നെ തിരിച്ചുകാണിക്കുന്നു എന്ന് മാത്രമേയുള്ളൂയെന്ന് ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രകാശ് പ്രധാന്‍ വ്യക്തമാക്കി.
കര്‍ഹാല്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് ഗ്യാന്‍വതി യാദവിനെയാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കര്‍ഹാലില്‍ നിന്നും താന്‍ മത്സരിക്കുകയാണെന്ന് അഖിലേഷ് പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് ഗ്യാന്‍വതി യാദവിന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുകയായിരുന്നു. മുലായം സിംഗ് യാദവിന്റെ തട്ടകമായ കര്‍ഹാലില്‍ നിന്ന് ഇതാദ്യമായാണ് അഖിലേഷ് യാദവ് മത്സരിക്കുന്നത്. മുലായം സിംഗ് യാദവിന്റെ അടുത്ത സുഹൃത്തായ എസ് പി സിംഗ് ബാഗേലിനെയാണ് അഖിലേഷിനെതിരെ മത്സരിക്കാനായി ബിജെപി കളത്തിലിറക്കിയിരിക്കുന്നത്.
ഏഴ് ഘട്ടങ്ങളായാണ് ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 10ന് ആരംഭിക്കുന്ന തെരഞ്ഞെടുപ്പ് മാര്‍ച്ച് ഏഴുവരെ നീണ്ടുനില്‍ക്കും. മാര്‍ച്ച് 10നാണ് ഫലം പ്രഖ്യാപിക്കുക.