ഹൈദരാബാദ്: അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിയുമായി സഖ്യത്തിലെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി അസദുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എം. പാര്‍ട്ടിയുടെ യു.പി സംസ്ഥാന അധ്യക്ഷന്‍ ഷൗക്കത്ത് അലിയാണ് സഖ്യസാധ്യതകള്‍ തള്ളി രംഗത്ത് വന്നത്.
അധികാരത്തിലെത്തിയാല്‍ മുസ്ലീം സമുദായത്തിലുള്ള ഒരാള്‍ ഉപമുഖ്യമന്ത്രിയാകും എന്ന ധാരണയില്‍ സഖ്യത്തിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. മുന്‍പ് നടന്ന തിരഞ്ഞെടുപ്പുകളില്‍ എസ്.പിക്ക് 20 ശതമാനത്തിലധികം മുസ്ലീം വോട്ടുകള്‍ കിട്ടിയെന്നും എന്നിട്ടും ഒരാളെ ആ സമുദായത്തില്‍ നിന്ന് ഉപമുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിച്ചില്ലെന്നാണ് പറഞ്ഞിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്ലീം സമുദായത്തില്‍ നിന്നുള്ള ഒരാളെ ഉപമുഖ്യമന്ത്രിയാക്കാമെന്ന് അഖിലേഷ് സമ്മതിച്ചാല്‍ സഖ്യം എന്ന് ഒവൈസി പറഞ്ഞുവെന്നാണ് കഴിഞ്ഞ ദിവസം വന്ന റിപ്പോര്‍ട്ടുകള്‍. തന്റെ പാര്‍ട്ടി നൂറ് സീറ്റുകളില്‍ മത്സരിക്കുമെന്ന് നേരത്തെ ഒവൈസി പറഞ്ഞിരുന്നു. നിലവില്‍ യുപിയിലെ ആകെയുള്ള 403 സീറ്റുകളില്‍ 110 സീറ്റുകളില്‍ 30-39 ശതമാനം മുസ്ലീം വോട്ടര്‍മാരുണ്ട്. 44 മണ്ഡലങ്ങളില്‍ ഇത് 40-49 ശതമാനം വരെയാണ്. 11 മണ്ഡലങ്ങളില്‍ 50-65 ശതമാനം മുസ്ലീം വോട്ടര്‍മാരും യു.പിയിലുണ്ട്. 2017ല്‍ 38 സീറ്റുകളില്‍ മത്സരിച്ചെങ്കിലും ഒവൈസിയുടെ പാര്‍ട്ടിക്ക് ഒരു സീറ്റ് പോലും കിട്ടിയില്ല. 2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിച്ചില്ലെങ്കിലും ബി.ജെ.പിക്ക് എതിരെ പ്രചാരണം നടത്താന്‍ ഒവൈസി നേരിട്ട് എത്തിയിരുന്നു.