യുപി സര്‍ക്കാരിന്റെ കോവിഡ് ട്രാക്കിങ് സൈറ്റില്‍ സുരക്ഷാപ്രശ്‌നം; 80 ലക്ഷം പേരുടെ വിവരങ്ങള്‍ പരസ്യമായി

യു.പി: ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ആഭ്യന്തര കോവിഡ് ട്രാക്കിങ് വെബ്സൈറ്റില്‍ സുരക്ഷാപ്രശ്നങ്ങള്‍
ഉണ്ടായതിനെ തുടര്‍ന്ന് 80 ലക്ഷം ഉപയോക്താക്കളുടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ പരസ്യമായതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉപയോഗിക്കുന്ന ‘ സര്‍വെയ്ലന്‍സ് പ്ലാറ്റ്ഫോം ഉത്തര്‍പ്രദേശ് കോവിഡ്-19’ എന്ന ഔദ്യോഗിക കോറോണ വൈറസ് ട്രാക്കിങ് പ്ലാറ്റ്ഫോമില്‍ പ്രശ്നം കണ്ടെത്തിയത്. വിപിഎന്‍ മെന്ററിന് വേണ്ടി സുരക്ഷാ ഗവേഷകരായ നോം റോട്ടെം, റാന്‍ ലോകാര്‍ എന്നിവരാണ് സൈറ്റിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്.

പ്രശ്‌നം തിരിച്ചറിഞ്ഞ ഉടന്‍ തന്നെ ഇന്ത്യയുടെ അടിയന്തിര സൈബര്‍ ഭീഷണി പ്രതിരോധവിഭാഗമായ സിഇആര്‍ട്ടി-ഇന്‍ അധികൃതരെ വിവരം അറിയിക്കുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തിട്ടുണ്ട്.

ഓഗസ്റ്റ് ഒന്നിനാണ് നോം റോട്ടെം സുരക്ഷാപ്രശ്നം കണ്ടെത്തിയത്. ഓഗസ്റ്റ് ഒമ്പതിന് ഇത് സ്ഥിരീകരിച്ചു. തുടര്‍ന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അധികാരികളെയും സിഇആര്‍ടി-ഇന്‍ അധികൃതരേയും വിവരം അറിയിച്ചു. സെപ്റ്റബര്‍ പത്തിന് പ്രശ്നം പരിഹരിച്ചുവെന്നാണ് അറിയുന്നത്.

ഇതുവഴി സൈബര്‍ കുറ്റവാളികള്‍ക്ക് ഡാറ്റാ ബേസിന്റെ നിയന്ത്രണം കൈക്കലാക്കാന്‍ സാധിക്കുമായിരുന്നു. ഉത്തര്‍പ്രദേശിലുള്ളവരുടേയും പുറത്തുള്ളവരുടേയും വിവരങ്ങള്‍ ഈ സൈറ്റിന്റെ ഡാറ്റാബേസിലുണ്ടായിരുന്നു. പേര്, വിലാസം, ട്രാക്കിങ് തീയതികള്‍, പരിശോധന ഫലം, ഫോണ്‍നമ്പറുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഈ സുരക്ഷാവീഴ്ച എതെങ്കിലും സൈബര്‍കുറ്റവാളികള്‍ ചൂഷണം ചെയ്തിട്ടുണ്ടോ എന്നും വിവരങ്ങള്‍ കൈക്കലാക്കിയിട്ടുണ്ടോ എന്നും വ്യക്തമല്ല.

Top