പൗരത്വ നിയമ ഭേദഗതി; പ്രതികളുടെ വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍

yogi

ലഖ്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് ഒളിവില്‍ പോയ 14 പേരുടെ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ഇവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചത്.

ഇതില്‍ എട്ട് പ്രതിഷേധക്കാരെ ഗുണ്ട നിയമപ്രകാരം പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുകയും അവരുടെ വീടുകള്‍ക്ക് പുറത്ത് നോട്ടീസ് പതിക്കുകയും ചെയ്തിരുന്നു. ലഖ്നൗവില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടയില്‍ തീവെയ്പ്പ്, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നിവയടക്കം നടത്തിയെന്നാണ് ഇവര്‍ക്കെതിരേ കുറ്റം ചുമത്തിയിരിക്കുന്നത്.

പ്രതികളില്‍ ഷിയ പുരോഹിതനായ മൗലാന സെയ്ഫ് അബ്ബാസും ഉള്‍പ്പെടുന്നു. പഴയ നഗര പ്രദേശം ഉള്‍പ്പെടെ നഗരത്തിന്റെ പല ഭാഗത്തും പ്രതികളുടെ ചിത്രങ്ങള്‍ ഭരണകൂടം പതിച്ചിട്ടുണ്ട്.

Top