ലഖ്നൗ: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സമ്മാനങ്ങള്‍ കൈപ്പറ്റുന്നത് വിലക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.ഉദ്യോഗസ്ഥര്‍ ആരില്‍ നിന്നും അനുവാദം കൂടാതെ സമ്മാനങ്ങള്‍ വാങ്ങാന്‍ പാടില്ലെന്ന സര്‍ക്കുലര്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി മഹേഷ് ഗുപ്തയാണ് പുറത്തിറക്കിയത്.
നിയമസഭ, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, ഔദ്യോഗിക വസതികള്‍ എന്നിവകളില്‍ സമ്മാനങ്ങളുമായി ആരെയും കടക്കാന്‍ അനുവദിക്കില്ലെന്ന് സര്‍ക്കുലറില്‍ പറയുന്നു. മാത്രമല്ല സമ്മാനങ്ങള്‍ ആരില്‍ നിന്നെങ്കിലും കൈപ്പറ്റണമെന്നുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
പണം കൈമാറുന്നത് അഴിമതിയായി കണക്കാക്കുമെന്നതിനാല്‍ ഉപഹാരങ്ങളുടെ രൂപത്തിലാണ് അഴിമതി നടക്കുന്നത്. ഇത് തടയുക എന്ന ലക്ഷ്യത്തിലാണ് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയത്.
സര്‍ക്കുലറിനെ എല്ലാ മന്ത്രിമാരും പിന്തുണച്ചു.എന്നാല്‍ സര്‍ക്കുലര്‍ നീതിയുക്തമല്ലെന്ന് ആരോപിച്ച് ക്ലാസ് -3 ലെവല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഇതിനെതിരെ രംഗത്ത് വന്നു. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് വിലകൂടിയ സമ്മാനങ്ങള്‍ വീടുകളിലേക്ക് അയച്ചുകിട്ടാറുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് മധുരപലഹാരങ്ങള്‍ മാത്രമാണ് ഓഫീസുകളില്‍ സമ്മാനമായി ലഭിക്കുകയെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മുഖ്യമന്ത്രിക്ക് ആത്മാര്‍ഥതയുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ വിലകൂടിയ സമ്മാനങ്ങള്‍ വാങ്ങുന്നത് തടയാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ വീടുകളില്‍ പരിശോധന നടത്തണമെന്നും അവര്‍ പറഞ്ഞു.