ന്യൂഡല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ മോചനവുമായി ബന്ധപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി എതിര്‍ത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സിദ്ദിഖ് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ തന്നെയാണെന്നും തെളിവുകളുടെ അടിസ്ഥാനത്തിലാണ് സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്തതെന്നും യുപി സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
സിദ്ദിഖ് കാപ്പന്റെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. കുറ്റകൃത്യം നടത്താനുള്ള യാത്രയ്ക്കിടെയാണ് സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്തതെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വാദിച്ചു.
കഴിഞ്ഞ ദിവസമാണ് കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് മുഴുവന്‍ സമയ പത്രപ്രവര്‍ത്തകനാണെന്ന് സുപ്രീംകോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ചത്.