സിദ്ധിഖ് കാപ്പന് സിമിയുമായി ബന്ധമുണ്ടെന്ന് യുപി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഹത്രാസ് കേസ് റിപ്പോര്‍ട്ട് ചെയ്യാനായി പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമപപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് നിരോധിത സംഘടനയായ സിമിയുമായി ബന്ധമുണ്ടെന്ന് യുപി സര്‍ക്കാര്‍. സിമിയുടെ മുന്‍ എക്‌സിക്യൂട്ടിവ് അംഗങ്ങളുമായി സിദ്ദിഖ് കാപ്പന് അടുത്ത ബന്ധമുണ്ടെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

പോപ്പുലര്‍ ഫ്രണ്ട് അംഗങ്ങളായ അബ്ദുള്‍ മുകീത്, മുഹമ്മദ് ഇല്ല്യാസ്, മുഹമ്മദ് ഫൈസല്‍, പി. കോയ, ഗള്‍ഫാം ഹസന്‍ എന്നിവരുമായി സിദ്ദിഖ് കാപ്പന് അടുത്ത ബന്ധമുണ്ട്. ഇവരില്‍ പലരും സിമിയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങളാണ്. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് സിദ്ദിഖ് കാപ്പന്‍ ഹത്രാസിലേയ്ക്ക് പോയത്. ഇത് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമായിരുന്നു.

സിദ്ദിഖ് കാപ്പനും സംഘത്തിനും ഹത്രാസ് സന്ദര്‍ശിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയത് ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ജനറല്‍ സെക്രട്ടറി റൗഫ് ഷെരീഫാണെന്നും യുപി സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. കേരള പത്രപ്രവര്‍ത്തക യൂണിയനെതിരേയും സത്യവാങ്മൂലത്തില്‍ വിമര്‍ശനമുണ്ട്.

കേരളത്തിലെ എല്ലാ പത്രപ്രവര്‍ത്തകരുടേയും സംഘടനയല്ല കെയുഡബ്ല്യുജെ. സാമ്പത്തിക ക്രമക്കേട് ആരോപണങ്ങള്‍ നേരിടുന്ന സംഘടനയാണ് കെയുഡബ്ല്യുജെ എന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പത്രപ്രവര്‍ത്തക യൂണിയന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സമയം അനുവദിച്ചു. യൂണിയന്റെ ഹര്‍ജി പരിഗണിക്കുന്നത് ജനുവരി മൂന്നാം വാരത്തിലേക്ക് മാറ്റി

Top