കൊച്ചി: ‘ഇത് ഹൊറര്‍ നോവലോ മായാജാല കഥയിലെയോ ഭാഗമല്ല. ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട സംസ്ഥാനമായ ഉത്തര്‍ പ്രദേശില്‍ ഇന്നലെ നടന്ന സംഭവമാണ്.’ ‘ഇഷ്ഖ്’ സിനിമയുടെ സംവിധായകന്‍ അനുരാജ് മനോഹര്‍ ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പുകളാണിത്. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ മന്ത്രവാദത്തിന്റെ പേരില്‍ ദാരുണമായി കൊല ചെയ്യപ്പെട്ട ആറു വയസുകാരിയെ അനുസ്മരിച്ചായിരുന്നു സംവിധായകന്റെ കുറിപ്പ്.
കുട്ടികള്‍ ഉണ്ടാകാന്‍ പെണ്‍കുട്ടിയെ കൊന്ന് ശ്വാസകോശം കഴിച്ച് പൂജ ചെയ്താല്‍ മതിയെന്ന ദുര്‍മന്ത്രവാദിയുടെ വാക്ക് കേട്ടാണ് ദമ്പതികള്‍ കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നത്. കൂട്ടബലാത്സംഗത്തിന് ശേഷം അക്രമികള്‍ കുട്ടിയുടെ വയറുകീറി ശ്വാസകോശം പുറത്തെടുത്തു. മൃതദേഹത്തില്‍ ശ്വാസകോശവും ഉണ്ടായിരുന്നില്ല. പെണ്‍കുട്ടിയുടെ മൃതശരീരം കിടന്നിരുന്നത് വയറു കീറിയ നിലയിലായിരുന്നു. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
എന്നാല്‍ ഉത്തര്‍ പ്രദേശിനെ അപമാനിച്ച് കൊണ്ടുള്ള പോസ്റ്റിന് താഴെ അനുരാജിനെ ഭീഷണി പെടുത്തിയും വെല്ലുവിളിച്ചും തെറി പറഞ്ഞും കൊണ്ടുള്ള കമന്റുകളാണ് വന്നു കൊണ്ടിരിക്കുന്നത്. യോഗിയെയും മോദിയെയും പ്രകീര്‍ത്തിച്ചു കൊണ്ടുളള ഹിന്ദത്വമുണര്‍ത്തുന്ന, സംവിധായകനെ ‘ഇഷ്ഖ്’ എന്ന പേരില്‍ സിനിമ സംവിധാനം ചെയ്തത് കൊണ്ട് മുസ്ലീം വാദിയാക്കാനുമുള്ള തരത്തിലുള്ള കമന്റുകളാണുള്ളത്. നിരവധി തവണ സമാന കേസുകളില്‍ കുപ്രസിദ്ധിയാര്‍ജിച്ച സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്.