മുന്‍ ക്രിക്കറ്റ് താരവും യുപി മന്ത്രിയുമായ ചേതന്‍ ചൗഹാന്‍ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഉത്തര്‍പ്രദേശ് മന്ത്രിയുമായ ചേതന്‍ ചൗഹാന്‍(73) കോവിഡ് ബാധിച്ച് മരിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. യുപി മന്ത്രിസഭയില്‍ സൈനിക ക്ഷേമം, ഹോം ഗാര്‍ഡ്‌സ്, പിആര്‍ഡി, സിവില്‍ സെക്യൂരിറ്റി എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ് ചൗഹാന്‍.

ജൂലൈയില്‍ കോവിഡ് സ്ഥിരീകരിച്ച ചൗഹാന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയായിരുന്നു. മറ്റ് അവയവങ്ങളെ ബാധിച്ച അണുബാധയും രക്തസമ്മര്‍ദവും സ്ഥിതി വഷളാക്കി. ലഖ്‌നൗവിലെ സഞ്ജയ് ഗാന്ധി പിജിഐ ആശുപത്രിയിലാണ് അദ്ദേഹത്തെ ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് സ്ഥിതി വഷളായതോടെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

ചൗഹാന്‍ മുന്‍ ലോക്സഭാംഗം കൂടിയാണ്. രണ്ടു തവണ പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ചൗഹാന്‍, അര്‍ജുന അവാര്‍ഡ് ജേതാവുമാണ്. ഉത്തര്‍പ്രദേശ് മന്ത്രിസഭയില്‍ 1991ലും 1998ലും 2018ലും മന്ത്രിയുമായിരുന്നു.

1969 മുതല്‍ 1978 വരെ നീളുന്ന രാജ്യാന്തര കരിയറില്‍ ഇന്ത്യയ്ക്കായി 40 ടെസ്റ്റും ഏഴ് ഏകദിനങ്ങളും കളിച്ച താരമാണ് ചൗഹാന്‍. 40 ടെസ്റ്റുകളില്‍നിന്ന് 31.57 ശരാശരിയില്‍ 2084 റണ്‍സ് നേടി. 97 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഏഴ് ഏകദിനങ്ങളില്‍ നിന്ന് 153 റണ്‍സുമെടുത്തു.

സുനില്‍ ഗവാസ്‌കറുടെ ഓപ്പണിംഗ് പങ്കാളിയായിരുന്നു അദ്ദേഹം. 10 സെഞ്ചുറി കൂട്ടുകെട്ടുകള്‍ സഹിതം 3000ല്‍ അധികം റണ്‍സാണ് ഇവരുടെ കൂട്ടുകെട്ട് നേടിയിട്ടുള്ളത്. ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹിക്കായും മഹാരാഷ്ട്രയ്ക്കായും കളിച്ചിട്ടുണ്ട്.
രഞ്ജി ട്രോഫിയില്‍ മഹാരാഷ്ട്രക്കായും ഡല്‍ഹിക്കായും ചൗഹാന്‍ കളിച്ചിട്ടുണ്ട്.

മന്ത്രിപദത്തിലിരിക്കെ കോവിഡ് രോഗബാധ വന്ന് മരിക്കുന്ന രാജ്യത്തെ രണ്ടാമത്തെ മന്ത്രിയാണ് ചേതന്‍.

Top