ഏലൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുപി സ്വദേശി അറസ്റ്റിൽ

കൊച്ചി : ഏലൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ  യുപി സ്വദേശി കൂടി അറസ്റ്റിലായി . ഉത്തർപ്രദേശ് സ്വദേശിയായ ഹാറൂൺ ആണ് അറസ്റ്റിലായത്. മഞ്ഞുമ്മലില്‍ താമസിക്കുന്ന പതിനാലുകാരിയെ ആറ് പേർ ചേർന്ന് മാസങ്ങളോളം പീഡനത്തിനിരയാക്കിയെന്നാണ് കേസ്. എലൂർ സി ഐ മനോജിന്റെ നേതൃത്വത്തിലുള്ള സംഘം യു പിയിലെത്തിയാണ് ഹാറൂണിനെ അറസ്റ്റ് ചെയ്തത്.

ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. കേസിൽ ആറു പ്രതികളാണുള്ളത്. ഇതിൽ രണ്ട് പേർ ഇപ്പോഴും ഒളിവിലാണ്. കേസുമായി ബന്ധപ്പെട്ട് യുപി സ്വദേശികളായ ഷാഹിദ്, ഫര്‍ഹാദ് ഖാന്‍ , ഹനീഫ് എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. ഇവരുടെ കൂട്ടാളിയാണ് ഇന്ന് അറസ്റ്റിലായത്.

കഴിഞ്ഞ മാര്‍ച്ച് മുതല്‍ പീഡനം തുടങ്ങിയെന്നാണ് കുട്ടിയുടെ മൊഴി. അമ്മ നേരത്തെ മരിച്ച പെൺകുട്ടി മഞ്ഞുമ്മലില്‍ മുത്തശ്ശനോടും മുത്തശ്ശിയോടൊപ്പമാണ് താമസിച്ചിരുന്നത്. പ്രതികളില്‍ രണ്ട് പേര്‍ ഇവരുടെ വീടിനോട് ചേര്‍ന്നാണ് താമസിച്ചിരുന്നത്. ഈ പ്രതികള്‍ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് കുട്ടിയെ പീ‍ഡനത്തിനിരയാക്കിയിരുന്നത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.

Top