മീററ്റ്: ബുലന്ദ്ശഹര്‍ ആള്‍ക്കൂട്ട അക്രമവുമായി ബന്ധപ്പെട്ട് നസറുദ്ദീന്‍ ഷാ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നടന്‍ നസറുദ്ദീന്‍ ഷായ്ക്ക് പാകിസ്താനിലേക്കുള്ള വിമാന ടിക്കറ്റ് അയച്ചുകൊടുക്കുമെന്ന് ഉത്തര്‍പ്രദേശ് നവനിര്‍മാണ്‍ സേന.
ഇന്ത്യയില്‍ ജീവിക്കാന്‍ അദ്ദേഹത്തിന് ഭയമുണ്ടെങ്കില്‍ പാകിസ്താനിലേക്ക് പോകാം.ഓഗസ്റ്റ് 14 ന് പാകിസ്താനിലേക്ക് പോകുന്നതിനുള്ള വിമാന ടിക്കറ്റാണ് ബുക്ക് ചെയ്തിട്ടുള്ളതെന്ന് സംഘടനയുടെ തലവന്‍ അമിത് ജാനി മാധ്യമങ്ങളോട് പറഞ്ഞു. ഇനി മറ്റാര്‍ക്കെങ്കിലും രാജ്യത്ത് ജീവിക്കാന്‍ ഭയം തോന്നുന്നുവെങ്കില്‍ യു.പി നവനിര്‍മാണ്‍ സേന അവര്‍ക്കും വിമാന ടിക്കറ്റ് എടുത്തു കൊടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ആള്‍ക്കൂട്ട ആക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച്, പോലീസ് ഉദ്യോഗസ്ഥന്റെ ജീവനെക്കാള്‍ വിലപ്പെട്ടതാണോ പശുവിന്റെ ജീവനെന്ന് നസറുദ്ദീന്‍ ഷാ ചോദിച്ചിരുന്നു. ഇതിനെതിരെ ചില സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
എന്നാല്‍ ആള്‍ക്കൂട്ട ആക്രമത്തില്‍ ദുഃഖിക്കുന്ന ഒരു ഇന്ത്യക്കാരനെന്ന നിലയിലാണ് ബുലന്ദ്ശഹര്‍ സംഭവത്തില്‍ പ്രതികരിച്ചതെന്നും സ്‌നേഹിക്കുന്ന രാജ്യത്തെപ്പറ്റിയുള്ള ആശങ്ക പ്രകടിപ്പിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും കഴിഞ്ഞ ദിവസം നസറുദ്ദീന്‍ ഷാ അജ്മീറില്‍ പ്രതികരിച്ചു.