ദില്ലി: ട്വിറ്റര്‍ ഇന്ത്യ എംഡി മനീഷ് മഹേശ്വരിയുടെ അറസ്റ്റ് തടഞ്ഞ കര്‍ണാടക ഹൈക്കോടതി നടപടിക്കെതിരെ ഹര്‍ജിയുമായി യുപി പൊലീസ് സുപ്രീംകോടതിയില്‍. അതേ സമയം ഈ ഹര്‍ജിക്കെതിരെ ട്വിറ്ററും സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി നല്‍കിയിട്ടുണ്ട്. ട്വിറ്റര്‍ ഇന്ത്യ എംഡിക്കെതിരായ യുപി പൊലീസിന്റെ നടപടികള്‍ താല്‍കാലികമായി തടഞ്ഞ് കര്‍ണാടക ഹൈകോടതി ഉത്തരവ് ഇറക്കിയിരുന്നു.
ഗാസിയാബാദ് വീഡിയോ കേസില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനുള്ള പൊലീസിന്റെ നടപടിക്കെതിരെ എംഡി മനീഷ് മഹേശ്വരി നല്‍കിയ റിട്ട് ഹര്‍ജിയാണ് കര്‍ണാടക ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് ഇന്ന് പരിഗണിച്ചത്.
പൊലീസിന് വേണമെങ്കില്‍ ഓണ്‍ലൈനായി ചോദ്യം ചെയ്യാമെന്ന് നിര്‍ദേശിച്ച കോടതി ബലം പ്രയോഗിച്ചുള്ള പൊലീസ് നടപടികള്‍ താല്‍കാലികമായി തടഞ്ഞ് ഉത്തരവിറക്കി.
കേസ് ഇനി അടുത്ത തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് ഇപ്പോള്‍ യുപി പൊലീസ് സുപ്രീംകോടതിയെ സമീപിച്ചത്. ഗാസിയാബാദിലെ വൃദ്ധന്റെ വിവാദ വീഡിയോ ട്വിറ്ററില്‍ പ്രചരിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ യുപി പൊലീസ് മനീഷ് മഹേശ്വരിയോട് ഇന്ന് ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരുന്നത്.
അതേ സമയം ട്വിറ്റര്‍ എംഡി മനീഷ് മഹേശ്വരിക്കെതിരെ യുപി പൊലീസ് വീണ്ടും കേസെടുത്തു എന്ന റിപ്പോര്‍ട്ടും വരുന്നുണ്ട്. ഇന്ത്യയുടെ ഭൂപടം തെറ്റായി നല്‍കിയതിനാണ് കേസ്. ട്വിറ്റര്‍ പേജില്‍ നല്‍കിയിരുന്ന ഭൂപടം അനുസരിച്ച് ജമ്മുകശ്മീരും ലഡാക്കും ഇന്ത്യയുടെ ഭാഗമല്ലായിരുന്നു. ഈ ഭൂപടം പിന്നീട് ട്വിറ്റര്‍ നീക്കം ചെയ്തിട്ടുണ്ട്.