യു.പിയിലെ പ്രക്ഷോകാരികളെ തേടി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും കേരളത്തില്‍ രംഗത്ത്.
യു.പിയില്‍ കലാപമുണ്ടാക്കുന്നതില്‍ മലയാളികള്‍ക്ക് വലിയ പങ്കുണ്ടെന്നാണ് യു.പി പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇവരെ പിടികൂടാനാണ് കേന്ദ്ര ഐബിയുടെ സഹായത്തോടെ നീക്കങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്. ഇതു സംബന്ധമായ നിര്‍ദ്ദേശം കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ ഡല്‍ഹി ആസ്ഥാനത്ത് നിന്നും നല്‍കിയതായാണ് സൂചന.
കേരള പൊലീസിനെ മാത്രം വിശ്വാസത്തിലെടുത്ത് നീങ്ങിയാല്‍ പ്രക്ഷോഭകാരികളെ പിടികൂടാന്‍ കഴിയില്ലന്നാണ് യു.പി പൊലീസ് കരുതുന്നത്. അതു കൊണ്ടാണ് പുതിയ വഴിയിപ്പോള്‍ തേടിയിരിക്കുന്നത്.
കേരളത്തിലും ഡല്‍ഹിയിലും ഫോട്ടോ സഹിതം പോസ്റ്റര്‍ പതിക്കാനും യു.പി പൊലീസ് തീരുമാനിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയേയും ഇക്കാര്യത്തിനായി ഉപയോഗപ്പെടുത്തും. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളുടെ ഫോട്ടോകള്‍ എടുത്തിരിക്കുന്നത്.
അക്രമത്തില്‍ പങ്കെടുത്ത ചില യു.പി സ്വദേശികള്‍ മലയാളി സുഹൃത്തുക്കളുടെ സഹായത്തോടെ കേരളത്തിലേക്ക് കടന്നതായും യു.പി പൊലീസ് സംശയിക്കുന്നുണ്ട്. ഇവരെ കൂടി കണ്ടെത്താനാണ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. പത്രങ്ങളില്‍ പരസ്യം നല്‍കുന്ന കാര്യവും പൊലീസ് പരിഗണിക്കുന്നുണ്ട്.
അക്രമത്തില്‍ പങ്കെടുത്തു എന്ന് യുപി പൊലീസ് സംശയിക്കുന്നവരെ പിടികൂടാനായി പ്രത്യേക സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവരെ തന്നെയാണ് സംസ്ഥാനത്തിന് പുറത്തേക്കും അയക്കുന്നത്.
പ്രതികളെ പിടികൂടാന്‍ യുപി പൊലീസ് കേരള പൊലീസുമായി സഹകരിക്കുമെങ്കിലും പൂര്‍ണ്ണമായും നമ്പില്ല. പ്രതികള്‍ താമസിക്കുന്ന സ്ഥലം കണ്ടെത്തിയ ശേഷമായിരിക്കും ലോക്കല്‍ പൊലീസിന്റെ സഹായം പ്രധാനമായും തേടുക.
കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തിന് കേരളത്തില്‍ വിപുലമായ നെറ്റ് വര്‍ക്ക് സംവിധാനം ഉള്ളത് പ്രയോജനപ്പെടുമെന്ന് കണ്ടാണ് ഈ സകല നീക്കങ്ങളും.
പൗരത്വ നിയമ ഭേദഗതിക്കെതിരായ ആക്രമണങ്ങള്‍ അടിച്ചമര്‍ത്തുക എന്ന നയമാണ് യു.പി പൊലീസ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.
ഇതുവരെ എട്ടു വയസ്സുകാരനടക്കം 23 പേരാണ് ഇവിടെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടിരിക്കുന്നത്.
1250 ഓളം പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 28, 750 പേരെയാണ് കസ്റ്റഡിയില്‍ എടുത്തിരുന്നത്. ഇതിനു പുറമെ അനവധിപേരെ വിവധ കേസുകളില്‍ പ്രതി ചേര്‍ത്തിട്ടുമുണ്ട്. ഇതില്‍പ്പെട്ടവരെ തേടിയാണ് കേരളത്തിലും തിരച്ചില്‍ നടക്കുന്നത്. പ്രതിപ്പട്ടികയിലെ അംഗസംഖ്യ നിലവില്‍ വീണ്ടും വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്.
അലിഗഢ് സര്‍വകലാശാലയില്‍ മാത്രം 1000 വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പൊതുമുതല്‍ നശീകരണം, കലാപം, മറ്റുള്ളവരെ അപായപ്പെടുത്താന്‍ ശ്രമം തുടങ്ങിയവയാണ് വകുപ്പുകള്‍.
406 പേരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നടപടി തുടങ്ങിയതായും പൊലീസ് അറിയിച്ചിട്ടുണ്ട്. 21 ജില്ലകളിലാണ് ഇന്റര്‍നെറ്റ് നിരോധിച്ചിരിക്കുന്നത്.
ഇതിനിടെ, പ്രകോപനപരമായ പരാമര്‍ശം നടത്തിയ മീററ്റ് എസ്.പിക്കെതിരെ കേന്ദ്ര സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ് വി രംഗത്ത് വന്നിട്ടുണ്ടെങ്കിലും അതൊന്നും പൊലീസ് മൈന്റ് പോലും ചെയ്തിട്ടില്ല.
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരോട് പാക്കിസ്ഥാനിലേക്ക് പോകാനാണ് എസ്.പി പറഞ്ഞിരിക്കുന്നത്. ‘ഇവിടെ ജീവിക്കാന്‍ ആഗ്രഹമില്ലാത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ പാകിസ്ഥാനിലേക്ക് പോകണം. ഇവിടെ ജീവിച്ച് മറ്റ് സ്ഥലങ്ങളെ സ്തുതിക്കാന്‍ നടക്കരുത്’- ഇതായിരുന്നു എസ്പിയുടെ മുന്നറിയിപ്പ്. എല്ലാറ്റിനെയും ജയിലില്‍ അടയ്ക്കുമെന്നും എല്ലാം തകര്‍ക്കുമെന്നും എസ്പി പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. സംഭവം വിവാദമായതോടെ പാക് അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കിയവരെയാണ് ഭീഷണിപ്പെടുത്തിയതെന്നാണ് എസ്പി ന്യായീകരിച്ചിരുന്നത്.
ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് കേന്ദ്ര മന്ത്രിക്ക് തന്നെ പ്രതികരിക്കേണ്ടി വന്നിരിക്കുന്നത്. എന്നാല്‍ വിമര്‍ശനം കടുത്ത സാഹചര്യത്തില്‍ അത് തണുപ്പിക്കാനുള്ള ഒരു തന്ത്രമായാണ് മന്ത്രിയുടെ പ്രസ്താവനയെ പ്രതിഷേധക്കാരിപ്പോള്‍ നോക്കി കാണുന്നത്.
യോഗി ആദിത്യനാഥ് പൊലീസിന്റെ പൊതു നിലപാടായാണ് ഈ പ്രസ്താവനയെ അവര്‍ വിലയിരുത്തുന്നത്. വിട്ടു വീഴ്ചക്ക് പൊലീസും പ്രക്ഷോഭകരും തയ്യാറാകാത്ത സാഹചര്യത്തില്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമായി തന്നെ തുടരുകയാണ്. അക്രമം അടിച്ചൊതുക്കാന്‍ കര്‍ശന നിര്‍ദ്ദേശമാണ് യു.പി സര്‍ക്കാര്‍ പൊലീസിന് നല്‍കിയിരിക്കുന്നത്.
പ്രതികള്‍ എവിടെ പോയി ഒളിച്ചാലും അവിടെ പോയി തൂക്കി എടുത്ത് കൊണ്ടു വരാനാണ് നിര്‍ദ്ദേശം. കേരളം, ബംഗാള്‍ ഉള്‍പ്പെടെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് അക്രമകാരികള്‍ കടന്നാലും പിടിക്കുമെന്ന വാശിയിലാണിപ്പോള്‍ യുപി പൊലീസ്.
സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിച്ചതിനെത്തുടര്‍ന്ന് പ്രതിഷേധക്കാര്‍ വെട്ടിലായതായാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അവകാശപ്പെടുന്നത്. ‘എല്ലാ കലാപകാരികളും ഭയത്തിലാണ്. പ്രതിഷേധക്കാര്‍ ഞെട്ടലിലാണ്. സര്‍ക്കാരിന്റെ കര്‍ശന നടപടികളെത്തുടര്‍ന്ന് എല്ലാവരും വാ പൂട്ടി കഴിഞ്ഞതായും ആദിത്യനാഥ് ചൂണ്ടിക്കാട്ടി. തന്റ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നത് വിഡ്ഢിത്തരമാണെന്നും’ അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം പൗരത്വ ഭേദഗതി നിയമത്തിനും എന്‍ആര്‍സിക്കും എതിരായ പ്രതിഷേധം ശക്തമായി തന്നെ രാജ്യത്ത് തുടരുകയാണ്. കൊടും തണുപ്പിനെ അതിജീവിച്ചാണ് പലയിടത്തും പ്രതിഷേധം അരങ്ങേറുന്നത്. ചെന്നൈ, കര്‍ണാടകം, ഹൈദരാബാദ്, മുംബൈ, അസം, കേരളം എന്നിവിടങ്ങളില്‍ ഇപ്പോഴും പ്രതിഷേധറാലികള്‍ വ്യാപകമാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്രം പൊലീസിനെ നിയന്ത്രിക്കുന്ന ഡല്‍ഹിയിലുമാണ് പ്രതിഷേധക്കാര്‍ ഏറ്റവും അധികം വെല്ലുവിളികള്‍ നേരിടുന്നത്.
പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബിജെപിയും ഇതിനകം തന്നെ പ്രചരണം ശക്തമാക്കിയിട്ടുണ്ട്. വന്‍ റാലികള്‍ സംഘടിപ്പിച്ചാണ് കാവിപ്പടയുടെ പ്രതിരോധം. പുതിയ നിയമം രാജ്യത്തെ മുസ്‌ലിം ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു യാതൊരു പ്രശ്‌നവും ഉണ്ടാക്കില്ലെന്നാണ് ബിജെപി വാദിക്കുന്നത്. ഇപ്പോള്‍ രാജ്യത്തുണ്ടാകുന്ന പ്രതിഷേധങ്ങള്‍ക്കുപിന്നില്‍ കോണ്‍ഗ്രസും, കമ്യൂണിസ്റ്റ് പാര്‍ട്ടികളും മൗലികവാദികളുടെ സംഘവുമാണെന്നാണ് ആക്ഷേപം. പ്രതിപക്ഷം രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ബിജെപി ആരോപിക്കുന്നു.
ഇന്ത്യന്‍ മുസ്‌ലിംകളെ സിഎഎ ബാധിക്കില്ലെന്നും, ന്യൂനപക്ഷങ്ങളായ മുസ്ലിം, സിഖ്, ജൈന, ബുദ്ധ, ക്രിസ്ത്യന്‍, പാര്‍സി വിഭാഗക്കാരെല്ലാം എല്ലാക്കാലവും ഇന്ത്യയിലെ പൗരന്മാരായിരിക്കുമെന്നുമാണ് ബിജെപി പറയുന്നത്.
ഇന്ത്യന്‍ ഭരണഘടനയിലെ ആശയവുമായി പൊരുത്തപ്പെട്ടാണു പൗരത്വ ബില്‍ പാസാക്കി, നിയമമാക്കിയതെന്നാണ് റാലികളില്‍ ബിജെപി നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.
Staff Reporter