യു.പിയിൽ അട്ടിമറി വിജയം ലക്ഷ്യമിട്ട് പ്രിയങ്കയുടെ രാഷ്ട്രീയ കരുനീക്കങ്ങൾ . .

യു.പി പിടിക്കാതെ ഇനി ഇന്ത്യ ഭരിക്കാന്‍ കഴിയില്ലന്ന തിരിച്ചറിവിലാണിപ്പോള്‍ കോണ്‍ഗ്രസ്സ് നേതൃത്വം. ഏത് വിധേനയും 2022ലെ യു.പി തിരഞ്ഞെടുപ്പില്‍ വിജയിക്കുകയാണ് പ്രധാനലക്ഷ്യം. ഇതിനു വേണ്ടിയുള്ള ഇടപെടലുകളാണ് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നിരന്തരം നടത്തി കൊണ്ടിരിക്കുന്നത്.

പൗരത്വ നിയമ ഭേദഗതിക്കെതിരായ നീക്കത്തില്‍ മുന്‍ നിരയിലാണ് പ്രിയങ്കയുടെ സ്ഥാനം. പ്രക്ഷോഭത്തില്‍ കോണ്‍ഗ്രസ്സ് പിന്നോട്ടാണെങ്കിലും ഇടപെടലില്‍ പ്രിയങ്ക മുന്നില്‍ തന്നെയാണ്.

വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കയേയും രാഹുലിനെയും യു.പി പൊലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് ഡല്‍ഹിക്ക് മടങ്ങിയ പ്രിയങ്ക അധികം താമസിയാതെ ഒറ്റക്ക് തിരിച്ചെത്തുകയായിരുന്നു. ഇത്തവണ പ്രക്ഷോഭത്തിനിടെ അറസ്റ്റിലായ മുന്‍ ഐ.പി.എസ് ഓഫീസറെ കാണാനെത്തിയതായിരുന്നു അവര്‍. രണ്ടു തവണ ലഖ് നൗവില്‍ പൊലീസ് പ്രിയങ്കയെ തടഞ്ഞെങ്കിലും അതെല്ലാം വിഫലമാവുകയാണുണ്ടായത്.

പൊലീസ് വലയം ഭേദിച്ച് പ്രവര്‍ത്തകന്റെ സ്‌കൂട്ടിറിന് പിന്നില്‍ ഇരുന്നാണ് ഇത്തവണ അവര്‍ ദൗത്യം പൂര്‍ത്തീകരിച്ചത്. ദേശീയ തലത്തില്‍ തന്നെ വലിയ വാര്‍ത്തയായ സംഭവമായിരുന്നു അത്. പ്രിയങ്കയുടെ ഈ ഇടപെടലുകള്‍ യഥാര്‍ത്ഥത്തില്‍ സമാജ് വാദി പാര്‍ട്ടിക്കും ബി.എസ്.പിക്കുമാണ് തിരിച്ചടിയാവുന്നത്.

രണ്ട് പാര്‍ട്ടികളുടെയും ന്യൂനപക്ഷ – പിന്നോക്ക വോട്ട് ബാങ്കിനാണ് പ്രിയങ്കയിപ്പോള്‍ വിള്ളല്‍ വീഴ്ത്തിയിരിക്കുന്നത്.

തുടര്‍ച്ചയായി യുപി കേന്ദ്രീകരിക്കുക വഴി അടുത്ത നിയമസഭ തിരഞ്ഞെടുപ്പാണ് പ്രിയങ്ക ലക്ഷ്യമിടുന്നത് എന്നതും വ്യക്തമാണ്. യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി എന്നതിലുപരിയാണ് അവരുടെ ഇടപെടല്‍.

80 ലോകസഭ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമാണ് യു.പി. കേന്ദ്രം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന നിര്‍ണ്ണായക സംസ്ഥാനമാണിത്. അതുകൊണ്ട് തന്നെയാണ് മോദിക്കും യു.പി പ്രിയപ്പെട്ടതാകുന്നത്.

പൗരത്വ നിയമ ഭേദഗതിയില്‍ ‘നടപടികള്‍’ കടുപ്പിച്ച് ഹൈന്ദവ വോട്ട് ഏകീകരിക്കാനാണ് ബി.ജെ.പി ഇവിടെ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

Yogi Adityanath

Yogi Adityanath

ഇപ്പോഴത്തെ ആക്രമണ സംഭവങ്ങള്‍ തങ്ങളുടെ വോട്ട് ബാങ്ക് ശക്തിപ്പെടുത്തുമെന്നാണ് അവര്‍ കരുതുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ടാണ് പൊലീസ് ഓപ്പറേഷന് ചുക്കാന്‍ പിടിക്കുന്നത്. വെടിവയ്പിനെ ന്യായീകരിക്കുന്ന നിലപാടാണ് എല്ലാ ബി.ജെ.പി നേതാക്കളും ഇവിടെ സ്വീകരിച്ചിരിക്കുന്നത്.

ന്യൂനപക്ഷ വിഭാഗമാകട്ടെ ആകെ പരിഭ്രാന്തിയിലുമാണ്. ഇവരുടെ വോട്ട് ഏറ്റവും അധികം ലഭിക്കുന്ന സമാജ് വാദി പാര്‍ട്ടിയാകട്ടെ അന്തം വിട്ട് നില്‍ക്കുകയുമാണ്.

പിന്നോക്ക സംഘടനയായ ഭീം ആര്‍മിയുടെ ഉദയം മായാവതിയുടെ അടിത്തറയാണ് തകര്‍ക്കുന്നത്. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് സമരം നയിച്ച് അകത്തായെങ്കിലും പ്രക്ഷോഭരംഗത്ത് അനുയായികള്‍ ഇപ്പോഴും സജീവമാണ്. ഉത്തരേന്ത്യയില്‍ പ്രവര്‍ത്തനം ശക്തമാക്കി സ്വാധീനം വര്‍ദ്ധിപ്പിക്കാനാണ് ഭീം ആര്‍മിയിപ്പോള്‍ ലക്ഷ്യമിടുന്നത്. യു.പിയില്‍ പ്രത്യേക ശ്രദ്ധ തന്നെചന്ദ്രശേഖര്‍ ആസാദ് നല്‍കുന്നുണ്ട്. അപകടം മുന്നില്‍ കണ്ട് ഭീം ആര്‍മിയെ ഏറ്റവും അധികം ഇപ്പോള്‍ എതിര്‍ക്കുന്നത് തന്നെ മായാവതിയാണ്.

ചന്ദ്രശേഖര്‍ ആസാദ്, ജിഗ്‌നേഷ് മേവാനി തുടങ്ങിയ പിന്നോക്ക നേതാക്കളെയും മുസ്ലീം നേതാക്കളെയും ഒപ്പം കൂട്ടിയുള്ള ഒരു മന്നേറ്റമാണ് യു.പിയില്‍ പ്രിയങ്ക ലക്ഷ്യമിടുന്നത്.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രിയങ്ക വന്നാല്‍ യു.പിയിലെ ചിത്രമാകെ മാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

ഇക്കാര്യത്തില്‍ പ്രിയങ്ക ഇതുവരെ മനസ്സ് തുറന്നിട്ടില്ലങ്കിലും നിലപാട് വ്യക്തമാണ്. അത് യുപി പിടിക്കുക എന്നത് തന്നെയാണ്. പ്രിയങ്ക മത്സരിക്കുന്നത് വിജയ സാധ്യത വര്‍ദ്ധിപ്പിക്കുമെങ്കില്‍ അവര്‍ മത്സരിക്കുമെന്ന് തന്നെയാണ് സൂചന. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരിലും നേതാക്കളിലും ഈ ആവശ്യം ഇപ്പോള്‍ തന്നെ ശക്തമായിട്ടുണ്ട്.

കോണ്‍ഗ്രസ്സ് – ജെ.എം.എം- ആര്‍.ജെ.ഡി സഖ്യം ഭരണം പിടിച്ച ജാര്‍ഖണ്ഡിലും പ്രിയങ്ക പ്രചരണ രംഗത്ത് സജീവമായിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ നടന്ന സമരത്തിലും പ്രിയങ്ക തെരുവിലിറങ്ങിയിരുന്നു.

രാഹുല്‍ ഗാന്ധിയേക്കാള്‍ ഈ പ്രക്ഷോഭരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നതിപ്പോള്‍ പ്രിയങ്കയാണ്. യു.പിയില്‍ ടാര്‍ഗറ്റ് ചെയ്ത് പ്രവര്‍ത്തിക്കാനാണ് അവരിപ്പോള്‍ പ്രധാനമായും ശ്രമിക്കുന്നത്.

പ്രധാന പ്രതിപക്ഷ പാര്‍ട്ടികളായ സമാജ് വാദി, ബി.എസ്.പി പാര്‍ട്ടികളേക്കാള്‍ ബി.ജെ.പിക്കും യുപിയില്‍ വെല്ലുവിളി പ്രിയങ്ക തന്നെയാണ്.

കോണ്‍ഗ്രസ്സ് നഷ്ടപ്പെട്ട പ്രതാപത്തിലേക്ക് തിരിച്ചു വന്നാല്‍ യു.പി കൈവിട്ടു പോകുമെന്ന് കാവിപ്പട ശരിക്കും ഭയപ്പെടുന്നുണ്ട്.

പ്രിയങ്ക മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകും എന്ന റിപ്പോര്‍ട്ടുകളെയാണ് ബി.ജെ.പി ഭയപ്പെടുന്നത്. യോഗി ആദിത്യനാഥ് – പ്രിയങ്ക ഗാന്ധി പോരാട്ടമായി ഒരു തിരഞ്ഞെടുപ്പും മാറാന്‍ കാവിപ്പട ആഗ്രഹിക്കുന്നില്ല.

പ്രിയങ്കയുടെ നേതൃത്വത്തില്‍ യു.പിയില്‍ കോണ്‍ഗ്രസ്സ് സഖ്യം അധികാരത്തില്‍ വന്നാല്‍ കേന്ദ്ര സര്‍ക്കാറാണ് ശരിക്കും ഉലയുക. ഇവിടെ നിന്നുള്ള 80 ലോകസഭാ സീറ്റില്‍ 62 സീറ്റ് നേടിയ കരുത്തിലാണ് മോദിയിപ്പോള്‍ ഭരിക്കുന്നത്. ഇത് നഷ്ടപ്പെടുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും ബിജെപിക്ക് കഴിയുകയില്ല. നിലവില്‍ ജാര്‍ഖണ്ഡ് കൂടി കൈവിട്ടതോടെ 15 സംസ്ഥാനങ്ങളിലായി ബിജെപിസഖ്യത്തിന്റെ ഭരണവും ചുരുങ്ങിയിട്ടുണ്ട്.

ഇനി ഉടന്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഡല്‍ഹിയിലും അവര്‍ക്ക് വലിയ പ്രതീക്ഷയില്ല. പുതിയ സാഹചര്യത്തില്‍ ബീഹാര്‍ തെരഞ്ഞെടുപ്പും വലിയ വെല്ലുവിളി തന്നെയാണ്. ബംഗാളിലും പ്രതീക്ഷ അസ്തമിച്ച മട്ടാണ്. 2021ല്‍ നടക്കുന്ന കേരളാ തമിഴ്‌നാട് തെരഞ്ഞെടുപ്പുകളും ബിജെപിയെ സംബന്ധിച്ച് പ്രതീക്ഷ നല്‍കുന്നതല്ല. ഇതിന് ശേഷം 2022ലാണ് യുപിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെ വിജയിക്കേണ്ടതാകട്ടെ മോദിയുടെ നിലനില്‍പിന് തന്നെ അനിവാര്യവുമാണ്. പരാജയപ്പെട്ടാല്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനെ കുറിച്ച് ചിന്തിക്കാന്‍ പോലും ബിജെപിക്ക് കഴിയുകയില്ല.

യുപി പിടിച്ചാല്‍ പ്രതിപക്ഷത്തിന് പുതിയ കരുത്ത് നല്‍കുന്ന വിജയമായാണ് അത് മാറുക. ഒരിക്കലും നടക്കാത്ത സ്വപ്നമെന്ന് ബി.ജെ.പി ഇതിനെ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും അടിയൊഴുക്കുകള്‍ വ്യക്തമാണ്. യു.പിയിലെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രിയങ്ക നിലവില്‍ വിശ്വാസ്യത നേടിയെടുത്തിട്ടുണ്ട്. ഇനി പിന്നോക്ക വിഭാഗത്തെ കൂടി കയ്യിലെടുക്കാന്‍ കഴിഞ്ഞാല്‍ അവര്‍ക്ക് നിര്‍ണ്ണായക സാന്നിധ്യമാകാന്‍ കഴിയും.

2022ല്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഈ പിന്തുണ ആത്മവിശ്വസം നല്‍കുന്നുണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. പ്രിയങ്കയെ മുന്‍ നിര്‍ത്തിയാല്‍ അട്ടിമറി സാധ്യമാകുമെന്ന് തന്നെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും പൊതുവികാരം.

രാഹുല്‍ ഗാന്ധി അമേഠിയില്‍ പരാജയപ്പെട്ടപ്പോള്‍ തന്നെ യു.പിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രിയങ്ക ഗാന്ധി തീരുമാനിച്ചിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്നതിലുപരി നിരന്തരം സംസ്ഥാനത്ത് ഇടപെടുക എന്നതാണ് അവര്‍ ആഗ്രഹിക്കുന്നത്.

വൈകാരികമായി യു.പി മുമ്പ് നെഹ്‌റു കുടുംബത്തോട് കാണിച്ച സ്‌നേഹം തിരികെ കൊണ്ടുവരിക എന്നത് കൂടി ലക്ഷ്യമിട്ടാണ് പ്രിയങ്കയിപ്പോള്‍ യുപിയില്‍ കേന്ദ്രീകരിച്ചിരിക്കുന്നത്.

Political Reporter

Top