ലക്‌നൗ: മുലായം സിങ്ങ് വിഭാഗത്തെ തഴഞ്ഞ് തിരഞ്ഞെടുപ്പ് ചിഹ്നമായ സൈക്കിള്‍ ലഭിച്ചതോടെ പ്രത്യക്ഷത്തില്‍ യഥാര്‍ത്ഥ സമാജ് വാദി പാര്‍ട്ടി അഖിലേഷ് യാദവിന്റേതായി മാറി. അഖിലേഷ് വിഭാഗത്തിനെതിരെ മുലായം സിങ്ങ് യാദവ് വിഭാഗം രംഗത്തിറങ്ങുന്നതോടെ അച്ഛനും മകനും തമ്മിലുള്ള പോരാട്ടം കൂടിയായി മാറും യു പി തിരഞ്ഞെടുപ്പ്.
രാജ്യം ആര് ഭരിക്കണമെന്ന് തീരുമാനിക്കാനുള്ള എം.പിമാരുടെ കരുത്ത് യു പിക്കുള്ളതിനാല്‍ ഇത്തവണ യു പി പിടിച്ചടക്കുമെന്ന വാശിയിലാണ് ബി ജെ പി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായുമാണ് പാര്‍ട്ടിയുടെ തന്ത്രങ്ങള്‍ മെനയുന്നത്.
കേന്ദ്ര മന്ത്രിമാരുടെ ഒരു പട തന്നെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു രംഗത്തുണ്ട്.ആര്‍.എസ്.എസ്, വി.എച്ച്.പി പ്രവര്‍ത്തകരും സജീവമാണ്. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞാലുടന്‍ വമ്പന്‍ പ്രചരണമാണ് സംഘ പരിവാര്‍ ലക്ഷ്യമിടുന്നത്. ബി.എസ്.പിയും തയ്യാറെടുപ്പില്‍ ഒട്ടും പിന്നിലല്ല. മായാവതി തന്നെയാണ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക.
ഷീല ദീക്ഷിതിനെ മുന്‍ നിര്‍ത്തി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള പദ്ധതികളെല്ലാം മാറ്റി വെച്ച് മുഖ്യമന്ത്രി അഖിലേഷ് യാദവുമായി കൂട്ട് ചേര്‍ന്ന് മത്സരിക്കാനാണ് കോണ്‍ഗ്രസ്സിന്റെ തീരുമാനം. ഇതിനായി ബീഹാര്‍ മോഡല്‍ വിശാല സഖ്യമെന്ന അഖിലേഷിന്റെ ആശയത്തോട് കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യോജിച്ചു കഴിഞ്ഞു.
സമാജ് വാദി പാര്‍ട്ടി, കോണ്‍ഗ്രസ്സ്, ജെഡിയു, തൃണമൂല്‍ കോണ്‍ഗ്രസ്സ് ,ലോക്ദള്‍, അപ് നാദള്‍ തുടങ്ങിയവരടങ്ങിയ മഹാ സഖ്യം രൂപീകരിക്കാനാണ് പദ്ധതി. 90 സീറ്റ് വരെ കോണ്‍ഗ്രസ്സിനായി മാറ്റി വയ്ക്കാന്‍ തയ്യാറാണെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്.
രാഷട്രീയ ലോക് ദളിന് 20 മുതല്‍ 22 വരെ സീറ്റ് നല്‍കാനാണ് ആലോചന. സഖ്യം യാഥാര്‍ത്ഥ്യമായാല്‍ രാഹുല്‍, അഖിലേഷ്, പ്രിയങ്ക ഗാന്ധി, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ബംഗാള്‍ മുഖ്യമന്ത്രി, മമത ബാനര്‍ജി, ലാലു
പ്രസാദ് യാദവ് തുടങ്ങിയവര്‍ സംയുക്തമായി പ്രചാരണം നയിക്കും.
യു പിയില്‍ ബിജെപിയുടെ തോല്‍വി ഉറപ്പ് വരുത്താന്‍ ഒടുവില്‍ സാക്ഷാല്‍ അരവിന്ദ് കെജ്‌രിവാളും രംഗത്തിറങ്ങുമെന്നാണ് പറയപ്പെടുന്നത്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി വളരെ അടുത്ത സൗഹൃദമുള്ള കെജ്‌രിവാള്‍ വിശാല സഖ്യത്തില്‍ ചേരുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുന്നത്.
ഗോവ, പഞ്ചാബ് സംസ്ഥാനങ്ങളില്‍ ഭരണം പിടിക്കാന്‍ തന്ത്രം മെനയുന്ന ആം ആദ്മി പാര്‍ട്ടി യു പിയില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. സമാജ് വാദിയിലെ പ്രശ്‌നങ്ങള്‍ തുടങ്ങുന്നതിന് മുന്‍പ് ശേഖരിച്ച വിവരങ്ങള്‍ മുന്‍നിര്‍ത്തിവന്ന അഭിപ്രായ സര്‍വ്വേകളില്‍ ബിജെപി യു പി തൂത്ത് വാരുമെന്നാണ് പ്രവചനം.
എന്നാല്‍ ഈ അഭിപ്രായ സര്‍വ്വേകളില്‍ പോലും ഏറ്റവും അധികം പേര്‍ മുഖ്യമന്ത്രിയാവാന്‍ അഖിലേഷ് യാദവാണ് യോഗ്യനെന്നാണ് വ്യക്തമാക്കിയിരുന്നത്. പിളര്‍പ്പുണ്ടാക്കിയ സഹതാപവും, കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ളവരുള്‍പ്പെട്ട മഹാസഖ്യവുമാകമ്പോള്‍ യു പിയില്‍ വീണ്ടും അധികാരത്തില്‍ വരാന്‍ കഴിയുമെന്നാണ് അഖിലേഷ് ക്യാംപിന്റെ പ്രതീക്ഷ.
തിരക്കിട്ട രാഷ്ടീയ കരുനീക്കങ്ങളാണ് ഇപ്പോള്‍ യു പിയില്‍ അരങ്ങേറുന്നത്. മമതയുള്‍പ്പെട്ടാല്‍ വിശാല സഖ്യത്തില്‍ ഇടത് പാര്‍ട്ടികള്‍ പങ്കാളികളാകുമോ എന്ന കാര്യവും കണ്ടറിയേണ്ടത് തന്നെയാണ്. യുപിയിലെ തിരഞ്ഞെടുപ്പ് നിലപാടെന്താണെന്ന് സിപിഐയും സിപിഎമ്മും ഇതുവരെ വ്യക്തമാക്കിയിട്ടില്ല.