ലക്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂളില്‍ ദളിത് കുട്ടികള്‍ക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കേണ്ടെന്ന് രക്ഷിതാക്കളുടെ നിര്‍ദ്ദേശം.യുപിയിലെ രാംപുരിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം. ദലിത് കുട്ടികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കാനാകില്ലെന്ന് പറഞ്ഞ് മേല്‍ ജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ നിന്ന് പാത്രം കൊണ്ടുവരുന്നതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ദേശീയമാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത പുറത്ത് വിട്ടത്.
‘സ്‌കൂളില്‍ എല്ലാ പാത്രത്തിലും എല്ലാവര്‍ക്കും ഭക്ഷണം കഴിക്കാം. ഞങ്ങള്‍ക്കത് പറ്റില്ല. അതാണ് വീട്ടില്‍ നിന്ന് പാത്രം കൊണ്ടുവരുന്നതെന്നാണ്’ ഒരു വിദ്യാര്‍ത്ഥി പ്രതികരിച്ചത്.
എന്നാല്‍ സകൂളിലെ ഉച്ചഭക്ഷണത്തിനായി വീട്ടില്‍ നിന്ന് പാത്രം കൊണ്ടുവരരുതെന്ന് കുട്ടികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇപ്പോഴും പ്രവണത തുടരുന്നതായി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു.
‘എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കണമെന്നാണ് ഞങ്ങള്‍ കുട്ടികളോട് പറയുന്നത്. എന്നാല്‍ മേല്‍ ജാതിയില്‍പ്പെട്ട കുട്ടികള്‍ അനുസരിക്കുന്നില്ല. അവര്‍ ഭക്ഷണം കഴിക്കുന്നത് മാറിയിരുന്നാണ്. താഴ്ന്ന ജാതിയില്‍പ്പെട്ട കുട്ടികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കരുതെന്ന് അവര്‍ക്ക് വീട്ടില്‍നിന്ന് നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നാണ് അവര്‍ പറയുന്നതെന്നും’ അദ്ദേഹം വ്യക്തമാക്കി.
ദിവസങ്ങള്‍ക്ക് മുമ്പ് ഉത്തര്‍പ്രദേശിലെ മിര്‍സാപ്പൂരിലെ സ്‌കൂളില്‍ കുട്ടികള്‍ക്ക് നല്‍കുന്ന റൊട്ടിക്കൊപ്പം ഉപ്പ് വിളമ്പിയതും വിവാദത്തിന് ഇടയാക്കിയിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷനാണ് ഇത് സംബന്ധിച്ച് വിവരം പുറത്ത് വിട്ടിരുന്നത്.ഒരു സ്ത്രീ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനായി റൊട്ടിയും മറ്റൊരു സ്ത്രീ ഉപ്പും വിളമ്പുന്ന വീഡിയോയുമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഉച്ചഭക്ഷണത്തിന് പ്രത്യേക പ്ലേറ്റ് കൊണ്ടുവരുന്ന സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.