മുത്തലാഖ് ചൊല്ലിയിട്ടും വീട്ടില്‍ നിന്ന് ഇറങ്ങിയില്ല; യുവതിയെ ഭര്‍തൃവീട്ടുകാര്‍ തീകൊളുത്തി കൊന്നു

explosion

ലഖ്നൗ: മുത്തലാഖ് ചൊല്ലിയിട്ടും വീട്ടില്‍ നിന്ന് ഇറങ്ങാന്‍ കൂട്ടാക്കാതിരുന്ന യുവതിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് തീകൊളുത്തി കൊന്നു. യു.പിയിലെ ശ്രാവസ്തി ജില്ലയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. സയീദ(22)എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. അഞ്ച് വയസുള്ള മകള്‍ നോക്കി നില്‍ക്കയാണ് യുവതിയെ തീകൊളുത്തിയത്.

ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയെന്ന് ചൂണ്ടിക്കാട്ടി യുവതി നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, പരാതി രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാകാതിരുന്ന പൊലീസ് യുവതിയോട് അതേ വീട്ടില്‍ തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു. യുവതിയെ ഭര്‍ത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലുകയായിരുന്നെന്ന് യുവതിയുടെ ബന്ധുക്കള്‍ പറയുന്നു. ഇതിന് പിന്നാലെയാണ് യുവതി പൊലീസിനെ സമീപിച്ചത്. എന്നാല്‍, ഭര്‍ത്താവിനൊപ്പം തുടരാനും ആഗസ്റ്റ് 15 ന് ഇരുവരോടും സ്റ്റേഷനില്‍ ഹാജരാക്കാനും പൊലീസ് പറയുകയായിരുന്നു.

എന്നാല്‍, തന്റെ വീട്ടില്‍ ഇനി തുടരാന്‍ ഭാര്യയെ അനുവദിക്കില്ലെന്നും വീട് വിട്ട് പോകണമെന്നും യുവാവ് യുവതിയോട് ആവശ്യപ്പെട്ടു, പക്ഷേ യുവതി അതിന് തയ്യാറായില്ല. ഇതിന് പിന്നാലെയായിരുന്നു സയീദയെ കൊലപ്പെടുത്താന്‍ അവര്‍ തീരുമാനിച്ചത്. ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ സ്ത്രീധന പീഡനം, കൊലപാതകം എന്നീ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Top