ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിന്റെ കാലത്തും നിരവധി മിന്നലാക്രമണങ്ങള്‍ സൈന്യം നടത്തിയിട്ടുണ്ടെന്ന അവകാശവാദവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്.
എന്നാല്‍, മിന്നലാക്രമണങ്ങളുടെ പേരില്‍ തങ്ങള്‍ വോട്ട് തേടിയിട്ടില്ലെന്നും സാമ്പത്തികരംഗത്തെ പരാജയങ്ങളെ തുടര്‍ന്ന് സൈന്യത്തിന്റെ ശൗര്യത്തിന് പിന്നില്‍ ഒളിച്ചിരിക്കാന്‍ മോദി സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്നും മന്‍മോഹന്‍ സിങ്ങ് പരിഹസിച്ചു.
സൈന്യത്തിന് പിന്നില്‍ ഒളിച്ചിരിക്കുന്ന സര്‍ക്കാര്‍ രാജ്യത്തിന് തന്നെ നാണക്കേടാണ്. 2008ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കുന്നതില്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന ബിജെപിയുടെ ആരോപണങ്ങളെയും മന്‍മോഹന്‍ സിങ് തള്ളിക്കളഞ്ഞു.
ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാനെ ആഗോളതലത്തില്‍ ഒറ്റപ്പെടുത്താനും തീവ്രവാദക്യാമ്പായി പ്രഖ്യാപിക്കാനും നയതന്ത്രതലത്തില്‍ ഇന്ത്യ ഇടപെടലുകള്‍ നടത്തിയെന്നും മുംബൈ ഭീകരാക്രമണം നടന്ന് 14 ദിവസങ്ങള്‍ക്കുള്ളില്‍ ലെഷ്‌കര്‍ ഇ തോയിബ തലവന്‍ ഹാഫിസ് സയിദിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാന്‍ സാധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.