ന്യൂഡല്‍ഹി: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ അതിവേഗം പകരുന്ന സാഹചര്യത്തില്‍ എന്തും നേരിടാന്‍ തയ്യാറാകണമെന്ന് അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കി എയിംസ് ഡയറക്ടര്‍ ഡോ.സന്ദീപ് ഗുലേറിയ. ഒമിക്രോണ്‍ മൂന്നാം തരംഗത്തിന് കാരണമാകുമോയെന്ന ആശങ്ക വര്‍ദ്ധിക്കുന്നതിനിടെയാണ് പുതിയ ജാഗ്രതാ നിര്‍ദേശം പുറത്തുവന്നിരിക്കുന്നത്.
‘യുകെയിലേതുപോലെ കാര്യങ്ങള്‍ സങ്കീര്‍ണമാകില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം. നമുക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകേണ്ടതുണ്ട്. എന്നാല്‍ മറ്റ് രാജ്യങ്ങളിലെ ഒമിക്രോണ്‍ കേസുകളില്‍ വര്‍ദ്ധനവുണ്ടാകുമ്പോ നാം അത് സൂക്ഷ്മമായി നിരീക്ഷിക്കുകയും ഏത് സാഹചര്യത്തെയും നേരിടാന്‍ തയ്യാറാവുകയും വേണം’ ഡോ.ഗുലേറിയ പറഞ്ഞു.
കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 12,133 ഒമിക്രോണ്‍ കേസുകളാണ് യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന വര്‍ദ്ധനവാണിത്. ഇതോടെ യുകെയില്‍ സ്ഥിരീകരിച്ച ഒമിക്രോണ്‍ കേസുകളുടെ എണ്ണം 37,101 ആണെന്ന് യുകെയിലെ ആരോഗ്യ സുരക്ഷാ ഏജന്‍സി അറിയിച്ചു.
മഹാരാഷ്ട്രയില്‍ ആറും ഗുജറാത്തില്‍ നാലും പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയില്‍ ആകെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 153 ആയി. കേന്ദ്രസംസ്ഥാന കണക്കുകള്‍ പ്രകാരം പതിനൊന്ന് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ഇന്ത്യയില്‍ ഇതുവരെ ഒമിക്രോണ്‍ കണ്ടെത്തിയത്. മ
ഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അന്‍പത്തിനാല് പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഇരുപത്തിരണ്ട് കേസുകളുള്ള ഡല്‍ഹിയാണ് രണ്ടാമത്. തെലങ്കാന ഇരുപത്, രാജസ്ഥാന്‍ പതിനേഴ്, കര്‍ണാടക പതിനാല്, ഗുജറാത്ത് പതിനൊന്ന്, കേരളം പതിനൊന്ന്, ആന്ധ്രപ്രദേശ് ഒന്ന്, ചണ്ഡീഗഡ് ഒന്ന്, തമിഴ്‌നാട് ഒന്ന്, വെസ്റ്റ് ബംഗാള്‍ ഒന്ന് എന്നിങ്ങനെയാണ് ഒമിക്രോണ്‍ കണക്കുകള്‍.