ആശുപത്രികളിലെ മരുന്ന് ക്ഷാമത്തില്‍ സഭയില്‍ ബഹളം; സംസ്ഥാനത്ത് മരുന്ന് ക്ഷാമമില്ലെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മരുന്ന് ക്ഷാമമില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മരുന്നിന്റെ ലഭ്യതക്കുറവ് ഉണ്ടെങ്കില്‍ അത് പരിഹരിക്കും. കെ എം സി എല്‍ വഴി മരുന്ന് ഉറപ്പാക്കിയിട്ടുണ്ട്. രോഗികള്‍ക്ക് മരുന്ന് ലഭിക്കാത്ത സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് മന്ത്രിയുടെ പ്രതികരണം.

യഥാര്‍ത്ഥ ചിത്രം മന്ത്രി പറയുന്നത് പോലെ അല്ലെന്ന് അനൂപ് ജേക്കബ് എംഎല്‍എ പറഞ്ഞു. ആശുപത്രികളില്‍ മരുന്ന് ഇല്ലെന്ന് എംഎല്‍എ ആരോപിച്ചു. അനൂപ് ജേക്കബിന്റെ പരാമര്‍ശത്തോടെ സഭയില്‍ ബഹളമായി. എംഎല്‍എയുടേത് തെറ്റിദ്ധരിപ്പിക്കുന്ന പരാമര്‍ശമാണെന്ന് വീണാ ജോര്‍ജ് വിമര്‍ശിച്ചു. അനൂപ് ജേക്കബ് പറയുന്നത് യുഡിഎഫ് കാലത്തെ സാഹചര്യം ആയിരിക്കാമെന്നും പരാമര്‍ശം പിന്‍വലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ജനറിക് മരുന്ന് മാത്രമേ കുറിക്കാവൂ. ആശുപത്രികളില്‍ 30% മരുന്നുകള്‍ മാത്രമാകുമ്പോള്‍ വെയര്‍ഹൗസുകളില്‍ നിന്ന് വീണ്ടും മരുന്നുകള്‍ എത്തിക്കുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. എന്നാല്‍ നിലവിലുള്ള സിസ്റ്റത്തെ കുറിച്ചാണ് മന്ത്രി പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി. സിസ്റ്റം പരാജയപ്പെട്ടു എന്നതാണ് സത്യം. സിഎജി റിപ്പോര്‍ട്ടില്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളത് സര്‍ക്കാര്‍ ആശുപത്രിയില്‍ മരുന്ന് ക്ഷാമം ഉണ്ടെന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ചില ചോദ്യങ്ങള്‍ സി ആന്‍ഡ് എ ജി സര്‍ക്കാരിനോട് ചോദിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അതിന് മറുപടി നല്‍കി. അന്തിമ റിപ്പോര്‍ട്ട് വരുമ്പോള്‍ മരുന്ന് ക്ഷാമമില്ലെന്ന് പ്രതിപക്ഷ നേതാവിന് വ്യക്തമാകുമെന്ന് വീണാ ജോര്‍ജ് പറഞ്ഞു.

Top