2011 ലോകകപ്പ് ഇന്ത്യ-ശ്രീലങ്ക മത്സരം ഒത്തുകളിയെന്ന് ആരോപണം;ഉപുല്‍ തരംഗയെ ചോദ്യം ചെയ്തു

കൊളംബൊ:2011 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ- ശ്രീലങ്ക മത്സരം ഒത്തുകളിയാണെന്ന ആരോപണത്തെ തുടര്‍ന്ന് മുന്‍ ശ്രീലങ്കന്‍ ഓപ്പണര്‍ ഉപുല്‍ തരംഗയെ ചോദ്യം ചെയ്തു.

മുന്‍ ശ്രീലങ്കന്‍ കായിക മന്ത്രി മഹിന്ദാനന്ദ അലുത്ഗമേജിന്റെ ആരോപണത്തെ തുടര്‍ന്നാണ് ശ്രീലങ്കന്‍ പോലീസ് ഉപുല്‍ തരംഗയെ ചോദ്യം ചെയ്തത്. ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയുടെ ഓപ്പണറായിരുന്നു ഉപുല്‍ തരംഗ. തരംഗയെ രണ്ട് മണിക്കൂറോളം ചോദ്യം ചെയ്ത് പൊലീസ് മൊഴി രേഖപ്പെടുത്തി.അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയെന്ന് തരംഗ മാധ്യമങ്ങളോട് പറഞ്ഞു.

ഫൈനലില്‍ 20 പന്ത് നേരിട്ട തരംഗ രണ്ട് റണ്‍സെടുത്ത് പുറത്തായിരുന്നു. മുന്‍ മന്ത്രിയുടെ ആരോപണത്തില്‍ ലോകകപ്പ് സമയത്ത് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടറായിരുന്ന അരവിന്ദ ഡിസില്‍വയെ അന്വേഷണ സംഘം ഇന്നലെ ആറ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ലോകകപ്പില്‍ ശ്രീലങ്കന്‍ നായകനായിരുന്ന കുമാര്‍ സംഗക്കാരയോടും ഫൈനലില്‍ ലങ്കക്കായി സെഞ്ചുറി നേടിയ മുന്‍ നായകന്‍ മഹേല ജയവര്‍ധനയോടും ചോദ്യം ചെയ്യലിന് ഹാജരാവാന്‍ അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

മുന്‍ ശ്രീലങ്കന്‍ കായിക മന്ത്രി മഹിന്ദാനന്ദ അലുത്ഗമേജാണ് ഇന്ത്യയുടെ ശ്രീലങ്കയും തമ്മില്‍ നടന്ന 2011ലെ ലോകകപ്പ് ഫൈനലില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്ന് ആരോപിച്ചത്. ശ്രീലങ്ക ലോകകപ്പ് ഇന്ത്യക്ക് വില്‍ക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആരോപണത്തില്‍ മിദനാന്ദയുടെ മൊഴി അന്വേഷണസംഘം നേരത്തെ രേഖപ്പെടുത്തിയിരുന്നു.നേരത്തെ കായികമന്ത്രി ഡള്ളാസ് അലാഹ്പെരുമ ആണ് മുന്‍ കായിക മന്ത്രിയുടെ ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

Top