uran on high alert suspects sketch released after students report armed-men

മുംബൈ : മുംബൈയ്ക്കു സമീപം ഉറനില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടുവെന്ന് പറയപ്പെടുന്ന അജ്ഞാതരില്‍ രണ്ടുപേരുടെ രേഖാചിത്രം നവി മുംബൈ പൊലീസ് പുറത്തുവിട്ടു.

മുംബൈയില്‍നിന്നു 47 കിലോമീറ്റര്‍ അകലെയുള്ള ഉറനില്‍ ഇന്നലെ രാവിലെ തോക്കുധാരികളെ കണ്ടെന്നു സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അറിയിച്ചതിനെ തുടര്‍ന്നു മേഖലയിലെങ്ങും അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.

ഈ വിദ്യാര്‍ഥികളുടെ സഹായത്തോടെയാണ് പൊലീസ് രേഖാചിത്രം തയാറാക്കിയത്.

സുരക്ഷാ ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ ദേശീയ സുരക്ഷാ ഗാര്‍ഡിനെയും (എന്‍എസ്ജി) മുംബൈയില്‍ വിന്യസിച്ചിട്ടുണ്ട്. മുംബൈയിലെ മൂന്നു പ്രധാന കേന്ദ്രങ്ങളിലാണ് എന്‍എസ്ജിയെ വിന്യസിച്ചിട്ടുള്ളത്.

മഹാരാഷ്ട്ര പൊലീസിനും നാവികസേനയ്ക്കും തീരദേശസേനയ്ക്കും ഒപ്പം എന്‍എസ്!ജിയും തിരച്ചിലില്‍ പങ്കെടുക്കും. നാവികസേനയുടെ തന്ത്രപ്രധാന കേന്ദ്രവും ജവാഹര്‍ലാല്‍ നെഹ്‌റു തുറമുഖവും ഒഎന്‍ജിസിയുടെ എണ്ണസംസ്‌കരണ പ്ലാന്റും സ്ഥിതിചെയ്യുന്ന മേഖലയാണു നവിമുംബൈയിലെ ഉറന്‍.

അതേസമയം, സെപ്റ്റംബര്‍ ഏഴാം തിയതി ഉറനു സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു ബോട്ട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നുവെന്നും ഇതേക്കുറിച്ച് മഹാരാഷ്ട്ര പൊലീസ് അന്വേഷിച്ചുവരികയാണെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കി.

ഇതുകൂടി പരിഗണിച്ചാണ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കണ്ടുവെന്ന് പറയുന്ന അജ്ഞാതര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയത്. ഉറനിലെയും സമീപപ്രദേശങ്ങളിലെയും കോളജുകള്‍ക്കും സ്‌കൂളുകള്‍ക്കും ഇന്നു അവധി നല്‍കി.

സംഭവം പുറത്തറിഞ്ഞ ഉടനെ പൊലീസും നാവികസേനയും തീരദേശസേനയും ചേര്‍ന്നു തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായിട്ടില്ല.

തിരച്ചില്‍ തുടരുകയാണെന്നാണ് വിവരം. മുംബൈ നഗരത്തിലെ പ്രധാന കേന്ദ്രങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. മുംബൈ, നവിമുംബൈ, റായ്ഗഡ്, താനെ തീരദേശ മേഖലയില്‍ തിരച്ചിലും ജാഗ്രതയും കര്‍ശനമാക്കി.

ഐബി, എന്‍എസ്ജി ഉദ്യോഗസ്ഥരും സ്ഥിതിഗതികള്‍ വിലയിരുത്തിവരുന്നു.

ഇന്നലെ രാവിലെ ഏഴിനു സ്‌കൂളില്‍ പോകവേ രണ്ടു കുട്ടികളാണ് തോക്കുധാരികളെ കണ്ടതായി സ്‌കൂള്‍ അധികൃതരെ അറിയിച്ചത്. ഒരാളെ കണ്ടതായി ഒരു കുട്ടിയും അഞ്ചുപേരെ കണ്ടതായി രണ്ടാമനും പറഞ്ഞു. സ്‌കൂള്‍, ഒഎന്‍ജിസി എന്നീ വാക്കുകള്‍ അവരുടെ സംസാരത്തില്‍നിന്നു മനസ്സിലായെന്നും അറിയിച്ചു.

കറുത്ത കുര്‍ത്ത ധരിച്ച സംഘാംഗങ്ങളുടെ പുറത്തു ബാഗുമുണ്ടായിരുന്നത്രേ. സ്‌കൂള്‍ അധികൃതര്‍ സംഭവം അറിയിച്ചയുടന്‍ പൊലീസ് സംഘം തിരച്ചിലിനിറങ്ങി. തുടര്‍ന്നു നാവികസേനയും തീരദേശസേനയും തീവ്രവാദവിരുദ്ധസേനയും രംഗത്തെത്തി.

Top