ഡൽഹി: പത്താംക്ലാസ് പാഠപുസ്കത്തിൽ നിന്ന് ഉറുദു കവി ഫൈസ് അഹമ്മദ് ഫൈസിന്റെ കവിത ഉൾപ്പെട്ട ഭാഗം ഒഴിവാക്കി സിബിഎസ്ഇ. ഡെമോക്രാറ്റിക് പൊളിറ്റിക്സ് പാഠപുസ്തകത്തിലെ മൂന്ന് പേജുകളാണ് ഒഴിവാക്കിയത്. കാരണം വിശദീകരിക്കാതെയാണ് സിബിഎസ്ഇയുടെ നടപടി.
മതനിരപേക്ഷതയെ കുറിച്ചു ചർച്ച ചെയ്യുന്ന പാഠഭാഗത്തെ മൂന്ന് പേജുകളാണ് 2022 -23 അധ്യയന വർഷത്തേക്കുള്ള പുസ്തകത്തിൽ നിന്ന് നീക്കിയത്. ഉറുദു കവിയായ ഫൈസ് അഹമ്മദ് ഫൈസിന്റെ കവിതയിലെ വരികളടങ്ങിയ രണ്ട് പോസ്റ്ററുകളും ഒരു കാർട്ടൂൺ ചിത്രവുമാണ് ഒഴിവാക്കിയ പേജുകളിലുണ്ടായിരുന്നത്. ആക്ടിവിസ്റ്റുകളായ ഹർഷ് മന്ദറും, ഷബ്നം ഹാഷ്മിയുമടക്കമുള്ളവർ അംഗങ്ങളായ സന്നദ്ധ സംഘടനയാണ് ആദ്യത്തെ പോസ്റ്റർ തയ്യാറാക്കിയത്. മറ്റൊരു സന്നദ്ധ സംഘടനയായ വളണ്ടറി ഹെൽത്ത് അസോസിയേഷനാണ് രണ്ടാമത്തെ പോസ്റ്റർ തയ്യാറാക്കിയത്. വർഗ്ഗീയ സംഘർഷങ്ങളുണ്ടാക്കുന്ന നഷ്ടങ്ങൾ ചർച്ച ചെയ്യുന്ന കവിതയിലെ വരികളാണ് പോസ്റ്ററുകളിൽ ഉണ്ടായിരുന്നത്. ഭരണാധികാരികൾ മതനിരപേക്ഷത കാത്ത് സൂക്ഷിക്കേണ്ടതിൻറെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്നതായിരുന്നു കാർട്ടൂൺ.
കൊൽക്കത്ത സർലകലാശാലയിലെ ചരിത്ര വിഭാഗം മേധാവി പ്രൊഫ ഹരി വസുദേവൻ 2005ൽ തയ്യാറാക്കിയതാണ് പാഠപുസ്തകം. അന്ന് മുതൽ സിബിഎസ്ഇ വിദ്യാർത്ഥികൾ പഠിച്ചിരുന്ന പാഠഭാഗമാണ് ഭാഗമാണ് ഇപ്പോൾ നീക്കിയിരിക്കുന്നത്. പാഠഭാഗം ഒഴിവാക്കിയതിനുള്ള കാരണമെന്തെന്ന് സിബിഎസ്ഇ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.