കോക്സ്സ് ബസാർ :ബംഗ്ലാദേശിലെ കോക്സ്സ് ബസാറിൽ കഴിയുന്ന റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളും മറ്റും അടങ്ങുന്ന 1.3 മില്യൺ ആളുകൾക്ക് നൽകുന്ന ആരോഗ്യ സേവനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി സേവനങ്ങൾ അടിയന്തിരമായി വർധിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന.
അഭയാർഥി പ്രതിസന്ധികൾ ആരംഭിച്ചതിന് ശേഷം ഇവിടെയെത്തുന്ന ജനങ്ങൾക്ക് ഗുരുതരമായ പകർച്ചവ്യാധികൾ പിടിപ്പെടുന്നുണ്ടെന്നും അതിജീവനത്തിനായി അവർ കഷ്ടപ്പെടുകയാണെന്നും സംഘടന ചൂണ്ടിക്കാട്ടി.
ബംഗ്ലാദേശ് സർക്കാരും മറ്റ് മനുഷ്യാവകാശ സംഘടനകളും ചേർന്ന് കോളറ പോലുള്ള രോഗങ്ങളെ തടയാനും, മീസിൽസ്, ഡിഫ്ത്തീരിയ എന്നിവയുടെ വ്യാപനത്തെ നിയന്ത്രിക്കാനും പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും എന്നാൽ ഈ ശ്രമങ്ങൾ മാത്രം മതിയാകില്ലെന്നും ആരോഗ്യ സേവനങ്ങൾ അടിയന്തിരമായി വർധിപ്പിക്കണമെന്നും ലോകാരോഗ്യ സംഘടനയുടെ ദക്ഷിണ-കിഴക്കൻ ഏഷ്യയുടെ ഡയറക്ടർ ഡോ. പൂനം ഖേതാപാൽ സിംഗ് പറഞ്ഞു.
മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്ത് നടന്ന വംശീയഹത്യ ഭയന്ന് ഏകദേശം ആറു ലക്ഷത്തിലധികം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍കോക്സ്സ് ബസാറിൽ എത്തിച്ചേർന്നിട്ടുണ്ട്. കൂടാതെ കുടാപലോങ്, ബലൂഖലി മെഗാ ക്യാമ്പുകളിലും അഭയാർത്ഥികൾ താമസിക്കുന്നുണ്ട്.
ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ അഭയാർത്ഥി സെക്ടറും ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നുമായി മാറിയിരിക്കുകയാണ് മെഗാ ക്യാമ്പുകൾ.
അഭ്യർത്ഥികളായ സ്ത്രീകൾ , നവജാതശിശുക്കൾ ,കുട്ടികൾ, മുതിർന്നവർ, പ്രായമായവർ ,ഗർഭിണികൾ അമ്മമാർ എന്നിവർക്ക് ആരോഗ്യ സേവനങ്ങൾ ആവശ്യമാണ്. കൂടാതെ അടുത്ത ഒരു വർഷത്തിനുള്ളിൽ 60,000 കുട്ടികൾ ക്യാമ്പുകളിൽ ജനിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാത്രമല്ല ഹൃദ്രോഗം, പ്രമേഹം, മാനസിക ബുദ്ധിമുട്ടുകൾ എന്നിവ നേരിടുന്നവർക്കും അടിയന്തരമായ സഹായം ആവശ്യമാണ്.
ജലത്തിന്റെ ലഭ്യതയും , ശുചികരണവും അഭയാർത്ഥി ക്യാമ്പുകളിൽ ലഭ്യമല്ല. ജലസ്രോതസ്സുകളുടെ നിരവധി രോഗങ്ങൾ ദ്രുതഗതിയിൽ പടരാൻ സാധ്യതയുള്ളതായും റീജിയണൽ ഡയറക്ടർ പറഞ്ഞു. ആരോഗ്യമേഖലയിലെ പ്രധാനമായ നടപടികൾ ഉടൻ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
അടുത്തതായി ഉണ്ടാകാൻ പോകുന്ന മഴക്കാലത്ത് വെള്ളപ്പൊക്കത്തിനും കൊടുംകാറ്റിനും സാധ്യത ഉണ്ടെന്നും ജലജന്യ രോഗങ്ങളായ വയറിളക്കം, ഹെപ്പറ്റൈറ്റിസ്, കൂടാതെ മലേറിയ, ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങളും വ്യാപിക്കുമെന്നും ലോകാരോഗ്യ സംഘടന സൂചിപ്പിക്കുന്നു.
ക്യാമ്പുകളിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നതിന് പ്രതിസന്ധി ആരംഭിച്ചപ്പോൾ തന്നെ ലോകാരോഗ്യ സംഘടന ഇവാർസ് (EWARS) സ്ഥാപിച്ചിരുന്നു. കൊളറാ, മീസിൽസ്, റൂബെല്ല , പോളിയോ, ഡിഫ്തീരിയ വാക്സിനുകൾക്കൊപ്പം വൻതോതിൽ പ്രതിരോധ കുത്തിവയ്പ്പ് നടത്താനുള്ള ബംഗ്ലാദേശിന്റെ തീരുമാനത്തിന് ഇവാർസിന്റെ വിലയിരുത്തലും സഹായിച്ചു.
ബംഗ്ലാദേശ് സർക്കാരുമായി ചേർന്ന് ലോകാരോഗ്യ സംഘടന ക്യാമ്പുകളിൽ കൂടുതൽ പ്രവർത്തനങ്ങൾ നടത്തുമെന്നും എന്നാൽ വരാനിരിക്കുന്ന മഴക്കാലത്ത് നിന്ന് അഭയാർഥികളെ രക്ഷിക്കുന്നതിനായി ഏറ്റവും സുരക്ഷിതമായ ഇടം കണ്ടെത്തുന്നതും വെല്ലുവിളി ഉയർത്തുന്ന പ്രശ്നമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
ആരോഗ്യവകുപ്പ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം എന്നി വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് റോഹിങ്ക്യൻ അഭയാർത്ഥികളുടെ ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ശേഖരിക്കാൻ സംഘടന നിർദേശം നൽകിയിട്ടുണ്ട്.