Uri attack; Isrial Suport India

ന്യൂഡല്‍ഹി: കാശ്മീരിലെ ഉറി ഭീകരാക്രമണത്തിന് ബലൂചിസ്ഥാനില്‍ മറുപടി നല്‍കാന്‍ ഇന്ത്യന്‍ സൈനിക നീക്കം. യുദ്ധസമാനമായ സാഹചര്യമാണ് ഇന്തോപാക് അതിര്‍ത്തികളില്‍ ഉടലെടുത്തിരിക്കുന്നത്.

ഉറി ഭീകരാക്രമണത്തിനു കാരണക്കാരായ തീവ്രവാദി തലവന്‍മാരെ വധിക്കാന്‍, അമേരിക്കന്‍ കമാന്‍ഡോകള്‍ ബില്‍ ലാദനെ പാക്കിസ്ഥാനിലെ അബോട്ടാബാദിലെ താവളത്തില്‍ കൊലപ്പെടുത്തിയ മാതൃകയിലുള്ള കമാന്‍ഡോ ഓപ്പറേഷനാണ് പരിഗണിക്കുന്നത്.

ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിലാണ് ഇതു സംബന്ധിച്ച നീക്കങ്ങള്‍ നടത്തുന്നത്. പ്രധാനമന്ത്രി നരന്ദ്രമോദിയുടെ അധ്യക്ഷതയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ്, പ്രതിരോധ മന്ത്രി മനോഹര്‍ പരീഖര്‍ അടക്കമുള്ളവരുള്‍പ്പെട്ട ദേശീയ സുരക്ഷാ സമിതി യോഗത്തില്‍ ഇതു സംബന്ധിച്ച് ധാരണയായിട്ടുണ്ട്.

പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കണമെന്നും ഇതിനായി സര്‍വ്വസജ്ജമാണെന്നും കരസേനാമേധാവിയും വ്യോമ, നാവിക സേനാ തലവന്‍മാരും അറിയിച്ചിട്ടുണ്ട്.

ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയും ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദും ചേര്‍ന്നാണ് അണിയറ നീക്കങ്ങള്‍ നടത്തുന്നത്. ലോകത്തിലെതന്നെ ഏറ്റവും ശക്തമായ രഹസ്യാന്വേഷണ സംവിധാനമുള്ള ഇസ്രായേലിന്റെ പിന്തുണ ഭീകരര്‍ക്കെതിരായ ഓപ്പറേഷനില്‍ ഇന്ത്യന്‍ കമാന്‍ഡോസിന് സഹായകരമാകും.

ലഷ്‌കര്‍ ഇ.തൊയ്ബയുടെയും ജയ്‌ഷെ മുഹമ്മദ് തുടങ്ങി തീവ്രവാദ സംഘടനകള്‍ക്ക് നേതൃത്വം നല്‍കുന്നവരും ഇന്ത്യയിലെ വിവിധ ഭീകരാക്രമണങ്ങളുടെ സൂത്രധാരനുമായ മൗലാന മസൂദ് അസര്‍, മുംബൈ ബോബ് സ്‌ഫോടനമടക്കമുള്ളവയുടെ സൂത്രധാരന്‍ അധോലോ നായകന്‍ ദാവൂദ് ഇബ്രാഹിം,ഹാഫിസ് സയ്യീദ് അടക്കമുള്ള തീവ്രവാദ നേതാക്കളെ ലക്ഷ്യമിട്ടാണ് കമാന്‍ഡോ ഓപ്പറേഷനുള്ള നീക്കം.

പാക് അധീന കാശ്മീരില്‍ ഭീകരതാവളങ്ങളില്‍ മിന്നല്‍ ആക്രമണം നടത്തുന്നതിനെ കുറിച്ചും ചില സുപ്രധാന തീരുമാനങ്ങള്‍ സേനാവിഭാഗം കൈക്കൊണ്ടിട്ടുണ്ട്.

പാക്കിസ്ഥാനില്‍ റോയുടെ സഹായത്തോടെ നടക്കുന്ന കൗണ്ടര്‍ ടെററിസ്റ്റ് അറ്റാക്കും സജീവമാക്കും. ഇന്ത്യന്‍ അനുകൂലികളായ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി, തെഹ്‌രീഖ് ഇ താലിബാന്‍ എന്നിവയെ ഉപയോഗിച്ച് പാക്കിസ്ഥാനില്‍ ഭീകരാക്രമണം നടത്തി തിരിച്ചടി നല്‍കാനും നീക്കമുണ്ട്.

ഗള്‍ഫ് രാജ്യങ്ങളിലുള്‍പ്പെടെ ഭീകരരുടെ ബുദ്ധികേന്ദ്രങ്ങള്‍ നടത്തുന്ന സന്ദര്‍ശനങ്ങള്‍ നിരീക്ഷിച്ച് അവിടെയും കെണി ഒരുക്കും .

മുംബൈ ഭീകരാക്രമണത്തിനു ശേഷം പത്താന്‍കോട്ട് സൈനിക കേന്ദ്രത്തിലും ഉറിയിലും നടത്തിയ ഭീകരാക്രമണത്തെ ഇന്ത്യ എങ്ങനെ നേരിടുമെന്ന ആശങ്ക ലോകരാജ്യങ്ങള്‍ക്കുണ്ട്.

തീവ്രവാദത്തിനെതിരെ ഇന്ത്യയുടെ പോരാട്ടത്തിന് നേരത്തെ തന്നെ അമേരിക്ക പിന്തുണ അറിയിച്ചിട്ടുള്ളതാണ്. ഐ.എസിനെതിരെ സൈനിക നീക്കം നടത്തുന്ന റഷ്യയും ഇന്ത്യന്‍ നിലപാടിനെ പിന്തുണക്കുന്നവരാണ്. ലോകരാജ്യങ്ങളില്‍ ചൈനമാത്രമാണ് പാക്കിസ്ഥാനെ ശക്തമായി പിന്തുണക്കുന്നത്.

Top