ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ഉറിയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജനാഥ് സിംഗിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി.
17 സൈനികരുടെ ജീവന്‍ നഷ്ടമായ സംഭവത്തില്‍ പാകിസ്ഥാനു നേരെ രൂക്ഷമായ വിര്‍മശനമാണ് യോഗത്തില്‍ ഉയര്‍ന്നത്.
പാകിസ്ഥാന് ഉചിതമായ തിരിച്ചടി നല്‍കണമെന്ന് യോഗത്തില്‍ കരസേനയുടെ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
അതിര്‍ത്തി കടന്ന് ആക്രമണം നടത്താന്‍ അനുമതി നല്‍കണമെന്ന് സര്‍ക്കാരിനോട് സേന ആവശ്യപ്പെട്ടിട്ടുണ്ട്. അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനം നിര്‍ബാധം പാകിസ്ഥാന്‍ തുടരുന്ന സാഹചര്യത്തില്‍ ഇതല്ലാതെ മറ്റു മാര്‍ഗമില്ലെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍, ഉന്നത സൈനികോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
യോഗത്തിനു ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദി മുതിര്‍ന്ന മന്ത്രിമാരുമായി വിഷയം ചര്‍ച്ച ചെയ്തു. രാജ്‌നാഥ് സിംഗ്, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ തുടങ്ങിയവര്‍ മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
സംഭവ സ്ഥലം സന്ദര്‍ശിച്ച ശേഷം പരീക്കര്‍ റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു. ആക്രമണം നടത്തിയത് പാകിസ്ഥാനില്‍ നിന്നുള്ള ഭീകരരാണെന്ന് പരീക്കര്‍ പറഞ്ഞു. കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് പാക് നിര്‍മിത ആയുധങ്ങള്‍ പിടിച്ചെടുത്തതായും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, ആക്രമണത്തില്‍ പരിക്കേറ്റ മൂന്ന് സൈനികര്‍ കൂടി മരിച്ചെന്ന വാര്‍ത്ത കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചു. കേന്ദ്ര പ്രതിരോധ സഹമന്ത്രി നടത്തിയ പ്രസ്താവനയാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു.