ന്യൂഡല്‍ഹി: ഉറിയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യയുടെ തീരുമാനം. നയതന്ത്ര നീക്കങ്ങളാണ് പ്രധാനമായും ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യ പടിയെന്ന നിലയില്‍ വിഷയം ഐക്യരാഷ്ട്ര സഭയില്‍ ഉന്നയിക്കും.
ഭീകരവാദികളെ സഹായിക്കുന്ന പാകിസ്താന്റെ പങ്ക് തെളിവുകള്‍ സഹിതം യു.എന്നില്‍ തുറന്നു കാണിക്കുമെന്ന് പ്രതിരോധ സഹമന്ത്രി ഡോ. സുഭാഷ് ഭാംമ്രെ മാധ്യമങ്ങളോട് പറഞ്ഞു.
ഉറി ഭീകരാക്രമണവും പാകിസ്താന്‍ നിന്ന് ഇന്ത്യ നേരിടുന്ന ഭീകരവാദ ഭീഷണിയും യു.എന്‍ പൊതുസഭാ സമ്മേളനത്തിലാണ് ഉന്നയിക്കുക. സെപ്റ്റംബര്‍ 26ന് ചേരുന്ന യു.എന്‍ സമ്മേളനത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പങ്കെടുക്കും.
ഉറിയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ തന്ത്രപ്രധാന സ്ഥാപനങ്ങളിലെയും സൈനിക താവളങ്ങളിലെയും പോരായ്മകള്‍ കണ്ടെത്തി സുരക്ഷ വര്‍ദ്ധിപ്പിക്കും. ഉറിയില്‍ സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ല. ഭീകരാക്രമണം ഉണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പില്‍ നടപടി സ്വീകരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാറിന് അലംഭാവം ഉണ്ടായിട്ടില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.