പാക്കിസ്ഥാന് ഇന്ത്യയുടെ ചുട്ട മറുപടി, ഉറി സര്‍ജിക്കല്‍ സ്ട്രൈക്ക് അഞ്ചാം വാര്‍ഷികം

kashmir

കശ്മീര്‍: ഇന്ന് ഉറി സര്‍ജിക്കല്‍ സ്ട്രൈക്കിന് അഞ്ചാം വാര്‍ഷികം. ജമ്മുകശ്മീരിലെ ഉറിയില്‍ സൈനിക ക്യാംപിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ ചുട്ട മറുപടിയായിരുന്നു പാക് അതിര്‍ത്തി കടന്നുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ മിന്നലാക്രമണം.

2016 സെപ്റ്റംബര്‍ 18 ന് രാവിലെ 5.30ഓടെയാണ് നിയന്ത്രണരേഖയില്‍ നിന്ന് ആറ് കിലോമീറ്റര്‍ ദൂരം അകലെയുള്ള ഉറി ബ്രിഗേഡ് ക്യാമ്പില്‍ ജെയ്‌ഷേ മുഹമ്മദ് ഭീകരര്‍ നുഴഞ്ഞു കയറി ആക്രമണം നടത്തിയത്. ഇന്ത്യന്‍ സൈന്യം ഒട്ടും പ്രതീക്ഷിക്കാത്ത ആക്രമണമായിരുന്നു അത്.

ബ്രിഗേഡ് ക്യാമ്പിന്റെ കമ്പിവേലി മുറിച്ചു മാറ്റിയ ഭീകരസംഘം മൂന്നു ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു ആക്രമണം. സൈനിക ക്യാംപില്‍ 17 ഇന്ത്യന്‍ ജവാന്മാര്‍ വീരമൃത്യു വരിച്ചു. 2016 സെപ്തംബര്‍ പതിനെട്ടിന് ജെയ്ഷെ ഭീകരര്‍ ഉറിയില്‍ നടത്തിയ ആക്രമണത്തില്‍ ഇന്ത്യയ്ക്ക് നഷ്ടമായത് 19 സൈനികരെയാണ്.

ആക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമായതോടെ തിരിച്ചടിക്കാന്‍ ഇന്ത്യ തീരുമാനിച്ചു. ഇതിനെ തുടര്‍ന്ന്, സെപ്തംബര്‍ 23ന് പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി.

2016 സെപ്റ്റംബര്‍ 28നായിരുന്നു നിയന്ത്രണരേഖ കടന്ന് പാക്കിസ്ഥാനെതിരെയുള്ള ഇന്ത്യന്‍ ആക്രമണം. 1971നു ശേഷം ആദ്യമായായിരുന്നു നിയന്ത്രണ രേഖ കടന്നുള്ള ആക്രമണം ഇന്ത്യ നടത്തിയത്.

പാക് ഒക്യൂപ്പേയ്ഡ് കശ്മീരിന്റെ മൂന്ന് കിലോമീറ്ററോളം ദൂരം ഉള്ളില്‍ കയറിയായിരുന്നു പാരാഷൂട്ട് റെജിമെന്റിന്റെ ഭാഗമായ പാരാകമാന്‍ഡോകളുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്. ഇന്ത്യയെ തൊട്ടാല്‍ പരിണിത ഫലം അനുഭവിക്കേണ്ടി വരുമെന്ന് ലോകത്തിനു മുമ്പില്‍ കാണിച്ചുകൊടുത്ത സംഭവം കൂടിയായിരുന്നു ഉറി സര്‍ജിക്കല്‍ സ്ട്രൈക്ക്.

Top