Uri terror attack: Two-point breach helped terrorists access Army camp

ന്യൂഡല്‍ഹി: കശ്മീരിലെ ഉറിയില്‍ ഞായറാഴ്ച നടന്ന ഭീകരാക്രമണത്തിന് ഇടയാക്കിയത് ഗുരുതര സുരക്ഷാവീഴ്ചയെന്ന് സൂചന. ഉറിയില്‍ നിയന്ത്രണരേഖയ്ക്ക് സമീപവും സൈനിക ആസ്ഥാനത്തും കമ്പിവേലികള്‍ മുറിച്ചുമാറ്റിയ നിലയില്‍ കണ്ടെത്തിയിരുന്നു. സൈനിക താവളത്തിന്റെ സുരക്ഷാ ചുമതല വഹിച്ചിരുന്നവര്‍ ഇക്കാര്യം പ്രാധാന്യത്തിലെടുക്കാത്തതാണ് ആക്രമണത്തിന് വഴിവെച്ചതെന്ന് വിലയിരുത്തല്‍.

ഇത്തരത്തിലുള്ള സുരക്ഷാവീഴ്ച സൈനികതാവളത്തില്‍ നുഴഞ്ഞുകയറി ആക്രമണം നടത്താന്‍ ജെയ്‌ഷെ ഭീകരരെ സഹായിച്ചുവെന്നാണ് കരുതുന്നത്. തീവ്രവാദികള്‍ക്ക് സൈനികക്യാമ്പിന്റെ ഘടനയെപ്പറ്റി വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്നും കരുതുന്നു.

ഉറി സൈനിക താവളത്തില്‍ ഞായറാഴ്ച നടന്ന ഭീകരാക്രമണത്തില്‍ 17 സൈനികരാണ് കൊല്ലപ്പെട്ടത്. ആക്രണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. കശ്മീരിലെ ഒരു പ്രാദേശിക പത്രപ്രവര്‍ത്തകനെ വിളിച്ചാണ് ആക്രണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ജെയ്‌ഷെ അറിയിച്ചത്.

പഠാന്‍കോട്ട് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതും ജെയ്‌ഷെ മുഹമ്മദാണെണെന്ന് തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ അന്ന് സംഘടന ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നില്ല.

Top