പോലീസ് കഥയുമായി രണ്ടാം വരവ് നടത്തുന്ന അടി കപ്യാരെ കൂട്ടമണി ടീമിന്റെ പുതിയ ചിത്രമാണ് ഉറിയടി. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.
ആദ്യ ചിത്രത്തില്‍ ക്യാമ്പസ് കഥയും യുവാക്കളുമായിരുന്നെങ്കില്‍, ഇത്തവണ മലയാള സിനിമയില്‍ എക്കാലത്തും ഓര്‍മ്മിക്കപ്പെടുന്ന, ഒട്ടനവധി നല്ല ചിത്രങ്ങള്‍ സമ്മാനിച്ച താരങ്ങളുമായാണ് വരവ്. തിരുവനന്തപുരത്തെ പോലീസ് ആസ്ഥാന ക്വാട്ടേഴ്‌സിലാവും മുഖ്യ ചിത്രീകരണം.
ഡി.വൈ.എസ്.പി മുതല്‍ കോണ്‍സ്റ്റബിള്‍ വരെയുള്ളവര്‍ കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ മുകേഷ്, ശ്രീനിവാസന്‍, ബൈജു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ് എന്നിവര്‍ അണിനിരക്കുന്നു. ഒന്നില്‍ കൂടുതല്‍ നായകന്മാരുണ്ടാവും. മാട്ടുപ്പെട്ടി മച്ചാനില്‍ ഹാസ്യ നായകന്മാരായി മുകേഷും ബൈജുവും എത്തിയിട്ടുണ്ട്. ഹാസ്യത്തിനു പ്രാധാന്യം നല്‍കുന്ന കഥയാണ്. പോലീസ് ആസ്ഥാനത്തെ ഹൗസിങ് ക്വാട്ടേഴ്സില്‍ സംഭവിക്കുന്ന രസകരമായ കാര്യങ്ങള്‍ ഒപ്പിയെടുക്കുന്നതാണു കഥാ തന്തു.
അടി കപ്യാരെ കൂട്ടമണി സംവിധാനം ചെയ്ത എ.ജെ. വര്‍ഗ്ഗീസാണ് ഉറിയടിയുടെയും സംവിധായകന്‍. 2015 ല്‍ പുറത്തിറങ്ങിയ അടി കപ്യാരെ കൂട്ടമണിയില്‍ ധ്യാന്‍ ശ്രീനിവാസന്‍, നമിത പ്രമോദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.