കൊച്ചി : മെഗാ സ്റ്റാര്‍ മമ്മൂട്ടിയും സംവിധായകന്‍ സിദ്ധിഖും ‘വഞ്ചിച്ച’ ഇരിങ്ങാലകുടക്കാരി ഊര്‍മ്മിള ഗായത്രി കന്നട സിനിമയില്‍ സൂപ്പര്‍ താരമായി.
ജഗ്ഗുദാദ, ടൈസണ്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റായ സിനിമകളിലൂടെ കന്നടയിലെ മുന്‍ നിര നായികയായി വളര്‍ന്നിരിക്കുകയാണ് ഊര്‍മ്മിള.
തെലുങ്കിലും ബംഗാളിയിലും പഞ്ചാബിയിലുമായി ഓരോ ചിത്രങ്ങളിലും അവര്‍ ഇതിനകം അഭിനയിച്ചു കഴിഞ്ഞു.
മമ്മൂട്ടി-സിദ്ധിഖ് ടീമിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ഭാസ്‌കര്‍ ദി റാസ്‌ക്കലില്‍ ആദ്യം നായികയായി തീരുമാനിച്ചിരുന്നത് ഊര്‍മ്മിളയെ ആയിരുന്നു.
ഗായത്രി അഭിനയിച്ച വീഡിയോ അയച്ച് തരണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് അവര്‍ അത് സിദ്ധിഖിന് അയച്ചു കൊടുത്തിരുന്നു.
തുടര്‍ന്ന് മമ്മൂട്ടിയെ കൂടി വീഡിയോ കാണിച്ച ശേഷം നായികയായി തീരുമാനിക്കുകയായിരുന്നുവത്രെ. ഇതിനിടെ മമ്മൂട്ടിയെ നേരിട്ട് പോയി കാണാന്‍ സിദ്ധിഖ് ആവശ്യപ്പെട്ടതനുസരിച്ച് ഹോട്ടലില്‍ പോയി ഊര്‍മ്മിള കാണുകയും ചെയ്തിരുന്നു.
എന്റെ നായികയായി അഭിനയിക്കാന്‍ ബുദ്ധിമുട്ടുണ്ടോ എന്ന കുസൃതി ചോദ്യമായിരുന്നു അന്ന് മമ്മൂട്ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നത്.
മമ്മൂട്ടിയോടൊപ്പം അഭിനയിക്കാന്‍ മെലിയാന്‍ സംവിധായകന്‍ അവരോട് ആവശ്യപ്പെടുകയും ചെയ്തു.
സ്വപ്ന വേഷം ചെയ്യാനുള്ള കാത്തിരിപ്പിനൊടുവിലാണ് അപ്രതീക്ഷിതമായി ആ കോള്‍ ഊര്‍മ്മിളയെ തേടിയെത്തിയത്. സംവിധായകന്‍ സിദ്ധിഖിന്റെ… ‘ക്ഷമിക്കണം ഊര്‍മ്മിളേ, ഊര്‍മ്മിളക്കായി മാറ്റിവെച്ച വേഷം നയന്‍താര ചെയ്യാമെന്ന് സമ്മതിച്ചിട്ടുണ്ട്. സിനിമയിയുടെ ബിസിനസ്സിലും അവരാകുമ്പോള്‍ മാറ്റമുണ്ടാകും അത് കൊണ്ട് ഊര്‍മ്മിള ഞങ്ങളോട് സഹകരിക്കണം’ ഇതായിരുന്നു പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയ ആ വാക്കുകള്‍.
ഭാസ്‌കര്‍ ദ റാസ്‌കലില്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ആ നഷ്ടബോധത്തില്‍ മനം മടുത്തിരിക്കാനൊന്നും മലയാളിയായ ഊര്‍മ്മിള തയ്യാറല്ലായിരുന്നു. മാതൃഭാഷ കൈവിട്ടെങ്കിലും അന്യഭാഷാ ചിത്രങ്ങളില്‍ വിലസുകയാണിപ്പോള്‍ ഈ നടി.