ലണ്ടൻ: യൂറോപ്യൻ സൂപ്പർലീഗ് ഫുട്‌ബോൾ വിവാദവുമായി ബന്ധപ്പെട്ട് ആറ് ഇംഗ്ലീഷ് ക്ലബ്ബുകൾ പിന്മാറി. ഇംഗ്ലീഷ് സൂപ്പർ ലീഗെന്ന പേരിൽ നിലവിലെ ലീഗുകൾക്ക് സമാന്തരമായി നടത്താനുദ്ദേശിച്ച പദ്ധതിയാണ് പൊളിയുന്നത്. ചിലരുടെ കയ്യിലെ പണത്തിന്റെ കരുത്തിലേക്ക് ഫുട്‌ബോൾ ലോകത്തെ കൊണ്ടുപോകുന്നുവെന്ന ആരാധകരുടെ എതിർപ്പാണ് ക്ലബ്ബുകളെ പിന്മാറാൻ പ്രേരിപ്പിച്ചത്. ഫിഫയുമായോ യുവേഫയുമായോ സംസാരിക്കാതെയാണ് ക്ലബ്ബുകളുടെ തലവന്മാർ തമ്മിലുള്ള കച്ചവടം ഉറപ്പിച്ചത്.
ഇംഗ്ലണ്ട്, ഇറ്റലി, സ്‌പെയിൻ എന്നിവിടങ്ങളിലെ 12 ടീമുകൾ ചേരുന്ന യുറോപ്യൻ സൂപ്പർ ലീഗ് ആരംഭിക്കുന്നു എന്ന വാർത്ത പരന്നത് കഴിഞ്ഞ ഞായറാഴ്ചയായിരുന്നു. പത്തു ടീമുകൾ വീതമുള്ള രണ്ടു ഗ്രൂപ്പുകൾ തമ്മിൽ മത്സരിക്കുന്ന രീതിയാണ് തീരുമാനിച്ചത്. എന്നാൽ 12 ടീമുകളുടെ ആർത്തിയാണ് പുതിയ സംവിധാനം നിലവിൽ വരുത്താൻ കാരണമാകുന്നതെന്ന് ആരാധകർ ആരോപിക്കുന്നു. അത് ഫുട്‌ബോളിന്റെ ധാർമ്മികത തകർക്കുമെന്ന വാദം ഉയർന്നതോടെയാണ് ക്ലബ്ബ് മാനേജ്‌മെന്റുകൾ മാറി ചിന്തിച്ചത്.
ഇതിനിടെ ഈ ചിന്തകൾക്ക് ചുക്കാൻ പിടിച്ചെന്നു കരുതുന്ന ക്ലബ്ബുകളുടെ ആസ്ഥാനത്തേക്ക് ആരാധകർ പ്രകടനം നടത്തുകയും കറുത്ത ബാനർ കെട്ടുകയും ചെയ്തു. പണത്തോടുള്ള ആർത്തി മാത്രമാണ് യൂറോപ്യൻ സൂപ്പർ ലീഗിന് പിന്നിലുള്ളതെന്നും ആരാധകർ പറഞ്ഞു. മികച്ച താരങ്ങളുടെ കഴിവുകൾ വെറും പണത്തിനായി അടിയറവെയ്ക്കരുതെന്നും ആരാധകർ ആവശ്യപ്പെട്ടു.ഫിഫ ശക്തമായി രംഗത്തെത്തിയതോടെയാണ് ആരാധകർക്ക് സംഭവത്തെപ്പറ്റി ധാരണയുണ്ടാകുന്നത്.