us president obama’s-farewell speech

ഷിക്കാഗോ: സാധാരണക്കാര്‍ അണിനിരന്നാല്‍ മാറ്റം സാധ്യമാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് പദം ഒഴിയുന്ന ബരാക് ഒബാമ. ജനങ്ങളാണ് തന്നെ മെച്ചപ്പെട്ട പ്രസിഡന്റാക്കിയതും മനുഷ്യനാക്കിയതുമെന്നും സ്ഥാനം ഒഴിയുന്നതിന് മുന്നോടിയായി ഷിക്കാഗോയില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തില്‍ ഒബാമ പറഞ്ഞു.

അമേരിക്ക ഇന്ന്, തുടങ്ങിയിടത്ത് നിന്ന് ഏറെ ശക്തമായ നിലയിലാണ്. വര്‍ണവിവേചനം ഇപ്പോഴും വെല്ലുവിളിയായി തുടരുന്നുണ്ട്. നിയമങ്ങള്‍ മാറിയതുകൊണ്ട് കാര്യമില്ലെന്നും ഹൃദയങ്ങള്‍ മാറിയാലേ കൂടുതല്‍ മുന്നേറാന്‍ നമുക്ക് കഴിയുവെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.

മൂല്യങ്ങള്‍ നഷ്ടപ്പെടുന്നതില്‍ ജാഗ്രത പുലര്‍ത്തണം. റഷ്യക്കോ ചൈനയ്‌ക്കോ ലോകത്ത് നമ്മുക്കുള്ള സ്വാധീനത്തിനൊപ്പമെത്താന്‍ കഴിയില്ല. ഇസ്ലാമിക് സ്‌റ്റേറ്റിനെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കി ഐ.എസിനെ പൂര്‍ണമായി തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

തന്റെ എട്ട് വര്‍ഷത്തെ ഭരണകാല നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ട് മാറ്റങ്ങള്‍ കൊണ്ടുവരാനായത് എന്റെ കഴിവുകൊണ്ടല്ലെന്നും നിങ്ങളിലൂടെയാണ് അത് സാധ്യമായതെന്നും ഒബാമ പറഞ്ഞു.

എട്ട് വര്‍ഷത്തിനിടെ ഒരു വിദേശ തീവ്രവാദ സംഘടനയ്ക്കും അമേരിക്കന്‍ മണ്ണില്‍ ഒരു ആക്രമണവും ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നും അദ്ദേഹം എടുത്തുപറഞ്ഞു.

പത്ത് ദിവസം കൊണ്ട് തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡന്റില്‍ നിന്ന് അടുത്ത പ്രസിഡന്റിലേക്ക് സുഗമമായ അധികാരകൈമാറ്റം നടക്കുകയാണ്. ഇത് നമ്മുടെ രാജ്യത്തെ ജനാധിപത്യത്തിന്റെ മഹത്വമാണ് വെളിവാക്കുന്നതെന്നും ഒബാമ പറഞ്ഞു. ഭാര്യ മിഷേല്‍ ഒബാമയേയും വൈസ് പ്രസിഡന്റ് ജോ ബൈഡനേയും പ്രശംസിച്ചു.

Top