ബാഗ്ദാദ്: മൊസൂളിലെ അല്‍ജദീദ ജില്ലയില്‍ ഒളിച്ചിരുന്ന രണ്ട് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളെ ലക്ഷ്യമിട്ട് സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 105 സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്ന് യുഎസ് സമ്മതിച്ചു.
ഇറാഖി നഗരമായ മൊസൂളില്‍ മാര്‍ച്ച് 17നാണ് സഖ്യസേന ആക്രമണം നടത്തിയത്. ആക്രമിച്ച കെട്ടിടത്തിനുള്ളില്‍ സാധാരണക്കാരുള്ളതായി സഖ്യസേനക്കോ ഇറാഖി സൈന്യത്തിനോ അറിവില്ലായിരുന്നെന്നാണ് പെന്റഗണ്‍ പറയുന്നത്.
തീവ്രവാദികള്‍ ഒളിച്ചിരുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഉണ്ടായിരുന്ന 101 പേരും അടുത്ത കെട്ടിടങ്ങളിലുള്ള നാലുപേരുമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് 36 പേരെ കാണാതാകുകയും ചെയ്തു.
മൂന്ന് വര്‍ഷത്തിനിടയില്‍ ഇറാഖിലും സിറിയയിലുമായി ഐഎസ് ഭീകരര്‍ക്ക് മേല്‍ സഖ്യസേനയുടെ ആക്രമണം ആരംഭിച്ചത് മുതല്‍ സാധാരണക്കാര്‍ക്ക് മേല്‍ ഉണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിത്.
കെട്ടിടം ആക്രമിക്കാന്‍ ഇറാഖി കമാന്‍ഡറാണ് നിര്‍ദേശം നല്‍കിയതെന്ന് അമേരിക്ക ആരോപിച്ചു. സാധാരണക്കാര്‍ക്ക് അപകടം ഉണ്ടാകാത്ത വിധത്തില്‍ ശക്തി കുറഞ്ഞ ബോംബുകളാണ് ആക്രമണത്തിനായി ഉപയോഗിച്ചത്. എന്നാല്‍ ഐഎസ് സ്ഥാപിച്ച സ്‌ഫോടക വസ്തുക്കള്‍ മൂലമുണ്ടായ തുടര്‍ സ്‌ഫോടനത്തില്‍ കെട്ടിടം തകരുകയും സാധാരണക്കാര്‍ കൊല്ലപ്പെടുകയുമായിരുന്നുവെന്ന് യുഎസ് എയര്‍ഫോഴ്‌സ് അറിയിച്ചു.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കീഴില്‍ യുഎസ് സേന കൂടുതല്‍ സാധാരണക്കാരെ കൊല്ലുന്നുവെന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയത്.