ദാ പിടിച്ചോ നല്ല പെടയ്ക്കുന്ന യുദ്ധവിമാനങ്ങള്‍; ഇറാന് മുന്നറിയിപ്പായി 52 യുഎസ് എഫ്35എ റണ്‍വേയില്‍

ഭീഷണികള്‍ മുഴക്കുന്ന ഇറാന് മറുപടിയുമായി യുഎസ് വ്യോമസേനയുടെ അഭ്യാസപ്രകടനം. 52 യുദ്ധവിമാനങ്ങള്‍ അടങ്ങുന്ന എഫ്35എ ലൈറ്റ്‌നിംഗ് 2 ആണ് ഉട്ടാഹ് ഹില്‍ എയര്‍ ഫോഴ്‌സ് റണ്‍വേയില്‍ നിരന്നത്. 4.2 ബില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള യുദ്ധവിമാനങ്ങളാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശപ്രകാരം സംയുക്ത അഭ്യാസത്തില്‍ ഏര്‍പ്പെട്ടത്. ഇറാന് മേല്‍ തങ്ങള്‍ ലക്ഷ്യംവെച്ച് തയ്യാറെടുത്ത് ഇരിക്കുകയാണെന്ന ശക്തമായ സന്ദേശമാണ് യുഎസ് ഇതുവഴി കൈമാറുന്നത്.

അഭ്യാസപ്രകടനങ്ങളുടെ ഭാഗമായി സൈനിക ശേഷി തെളിയിക്കാന്‍ വിമാനങ്ങള്‍ റണ്‍വേയില്‍ ടേക്ക്ഓഫിന് മുന്‍പായി ഒരുക്കുന്ന തരത്തില്‍ അണിനിരത്തുകയും ചെയ്തു. മാസങ്ങള്‍ക്ക് മുന്‍പ് തീരുമാനിച്ച ചടങ്ങുകള്‍ ഇറാന്‍ ജനറല്‍ കാസെം സൊലേമാനിയുടെ വധത്തോടെ കൂടുതല്‍ പ്രാധാന്യം നേടുകയാണ്. ‘ഞങ്ങള്‍ പറക്കാന്‍ തയ്യാറാണ്, പോരാടാനും, ജയിക്കാനും’, 419 ഫൈറ്റര്‍ വിംഗ്‌സ് ട്വീറ്റ് ചെയ്തു. ഇറാനുമായി സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ പെന്റഗണ്‍ ആറ് ബി52 സ്ട്രാറ്റജിക് ബോംബറുകളാണ് ഡീഗോ ഗാര്‍സ്യയിലേക്ക് അയച്ചത്.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ബ്രിട്ടീഷ് നിയന്ത്രിത ദ്വീപാണ് ഡീഗോ ഗാര്‍സ്യ. ഇറാനെതിരെ സൈനിക നീക്കം ആവശ്യമായി വന്നാല്‍ സൈനിക ബേസില്‍ ബി52എ ബോംബറുകള്‍ ലഭ്യമാക്കുന്നതിനാണ് ഈ നീക്കം. 8800 മൈല്‍ അര്‍ദ്ധവ്യാസത്തില്‍ ബോംബ് വര്‍ഷിക്കാന്‍ കഴിയുന്ന ബോംബറുകള്‍ ആകാശത്ത് വെച്ച് തന്നെ ഇന്ധനം നിറയ്ക്കാനും സാധിക്കുന്നവയാണ്. ഇറാന്‍ മിസൈലുകളുടെ പരിധിക്ക് പുറത്തായതിനാലാണ് ദ്വീപിലേക്ക് ബോംബറുകള്‍ എത്തിച്ചതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം സൊലേമാനിയെ വധിച്ചതിന് പകരംവീട്ടാന്‍ നേരിട്ടുള്ള യുദ്ധത്തിന് പകരം മാര്‍ഗ്ഗങ്ങളാണ് ഇറാന്‍ പരിഗണിക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സഖ്യകക്ഷികളായ രാജ്യങ്ങള്‍ക്ക് തലവേദനയാകുന്ന നീക്കങ്ങള്‍ക്കാണ് സാധ്യത. പ്രത്യേകിച്ച് എണ്ണ കപ്പല്‍മാര്‍ഗ്ഗം നീക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇറാന്‍ തങ്ങളുടെ സഖ്യകക്ഷികളെ ഉപയോഗിച്ച് പാരവെയ്ക്കുക.

Top