വാഷിംഗ്ടണ്‍: ഇറാഖിലെ ഫലൂജയില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 250 ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ കൊല്ലപ്പെട്ടു. ഇതുവരെ സഖ്യസേന നടത്തിയതില്‍ ഏറ്റവും വലിയ ആക്രമണമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഭീകരരുടെ 260 വാഹനങ്ങളും തകര്‍ത്തെന്നാണ് അമേരിക്കന്‍ വൃത്തങ്ങള്‍ അവകാശപ്പെടുന്നത്. ഇറാഖില്‍ ഐഎസ് വലിയ തിരിച്ചടിയാണ് നേരിടുന്നതെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഈയടുത്തായി നടന്ന ഭീകരാക്രമണങ്ങളില്‍ മിക്കതിന്റെയും ഉത്തരവാദിത്തം ഐ.എസ് തന്നെയാണ് ഏറ്റെടുത്തത് എന്ന വസ്തുതയുമുണ്ട്.
കഴിഞ്ഞ ദിവസം തുര്‍ക്കിയിലെ ഇസ്താംബൂള്‍ അറ്റാതുര്‍ക്ക് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 42 പേരാണ് കൊല്ലപ്പെട്ടത്.
സംഭവത്തെ തുടര്‍ന്ന് ഇസ്ലാമിക് സ്റ്റേറ്റിന്റെ ശൃംഖല പൂര്‍ണമായും തകര്‍ത്ത് അവരെ ഉന്മൂലനം ചെയ്യുന്നത് വരെ വിശ്രമമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞതിന്റെ തൊട്ടുപിന്നാലെയാണ് സഖ്യസേനയുടെ വ്യോമാക്രമണം.
2014 മുതല്‍ ഇറാഖിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ ഫലൂജ ഐഎസിന്റെ അധീനതയിലായിരുന്നു. ഫലൂജ തിരിച്ചു പിടിക്കാന്‍ ഇറാഖി സൈന്യം മാസങ്ങളായി ഭീകരരുമായി കടുത്ത പോരാട്ടത്തിലായിരുന്നു.
കഴിഞ്ഞ ദിവസം ഫലൂജയിലെ ഐഎസിന്റെ ശക്തി കേന്ദ്രം പിടിച്ചെടുത്തതായി ഇറാഖി സൈന്യം അവകാശപ്പെട്ടിരുന്നു.