യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ അക്രമിച്ച് യുഎസും ബ്രിട്ടനും

സനാ: യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ അക്രമിച്ച് യുഎസും ബ്രിട്ടനും. ചെങ്കടലിലെ ഹൂതി ആക്രമണത്തിന് തിരിച്ചടിയായിട്ടാണ് ആക്രമണം. അമേരിക്കയും ബ്രിട്ടനും സംയുക്തമായാണ് ആക്രമണം നടത്തിയത്. ആക്രമണം ഹൂതി മാധ്യമം സ്ഥിരീകരിച്ചു. തലസ്ഥാനമായ സനായിലും പ്രധാന നഗരങ്ങളായ സദാ, ധമര്‍, ഹുദയ്ദാ എന്നിവിടങ്ങളിലും അക്രമണം നടന്നു. പ്രതിരോധത്തിനായുള്ള അനിവാര്യ ആക്രമണമാണ് നടത്തിയതെന്ന് ബ്രിട്ടന്‍ അറിയിച്ചു. സ്വതന്ത്ര വ്യാപാര മാര്‍ഗ്ഗം ഉറപ്പാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും പ്രതികരിച്ചു.

ചെങ്കടലില്‍ ചരക്കുകപ്പലുകളെ ലക്ഷ്യം വെച്ചുകൊണ്ടുളള ഹൂതി ആക്രമണം അറബിക്കടലിലേക്കും വ്യാപിപ്പിച്ചതിന് പിന്നാലെയാണ് അമേരിക്കയുടെയും ബ്രിട്ടന്റെയും നീക്കം. അമേരിക്കയും ഇസ്രയേലും അടക്കം ഒരു ഡസന്‍ രാജ്യങ്ങളാണ് ഹൂതി വിമതരുടെ നിഴലിലുള്ളത്. ഇസ്രയേലിന്റെ ഗാസയിലെ ആക്രമണത്തിന് പിന്നാലെയാണ് ചെങ്കടലില്‍ ഹൂതികള്‍ അക്രമണോത്സുകമായി ഇടപെടാന്‍ തുടങ്ങിയത്. ഹൂതികളെ ഇറാന്‍ പിന്തുണയ്ക്കുന്നുവെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ ബ്രിട്ടനും അമേരിക്കയും നടത്തിയ ആക്രമണം പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ലോകം. അതേസമയം റാഫയിലെ ഒരു വീടിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കുട്ടികളുള്‍പ്പെടെ ഒമ്പത് പലസ്തീനികള്‍ കൊല്ലപ്പെട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഹൂതികളുടെ ആയുധ സംഭരണം, വ്യോമ പ്രതിരോധം, ലോജിസ്റ്റിക് സൗകര്യങ്ങള്‍ എന്നിവ ലക്ഷ്യമിട്ട് ആയിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നാലെ അമേരിക്കയ്ക്കും ബ്രിട്ടനും കനത്ത വില നല്‍കേണ്ടി വരുമെന്ന് ഹൂതികള്‍ മുന്നറിയിപ്പ് നല്‍കി. യുഎസിന് പിന്തുണ നല്‍കുന്ന രാജ്യങ്ങള്‍ക്ക് നേരെയും തിരിച്ചടിക്കുമെന്ന് ഹൂതികള്‍ പറഞ്ഞു.

Top