യുക്രൈനിലെ റഷ്യൻ അധിനിവേശത്തെ ചൊല്ലി വാക്‌പോര് നടത്തി റഷ്യയും യുഎസും. ന്യൂഡൽഹിയിൽ നടന്ന ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും നടത്തിയ ഹ്രസ്വമായ കൂടിക്കാഴ്ചയ്ക്കിടെ ഏറ്റുമുട്ടിയത്. ലോകത്തെ അസ്ഥിരപ്പെടുത്തുന്നുവെന്ന് പരസ്പരം കുറ്റപ്പെടുത്തിയ ഇരുവരും 10 മിനിറ്റിൽ താഴെയുള്ള സമയം മാത്രമാണ് സംസാരിച്ചതെന്ന് യു എസ് അധികൃതർ അറിയിച്ചു. ഇരുവരും തമ്മിൽ സംസാരിച്ചെങ്കിലും ചർച്ചകളോ കൂടിക്കാഴ്ചയോ നടത്തിയിട്ടില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
“അന്താരാഷ്ട്ര സമാധാനത്തിനും സാമ്പത്തിക സ്ഥിരതയ്ക്കും വേണ്ടി റഷ്യയുടെ ആക്രമണം അവസാനിപ്പിക്കാനും യുക്രെയ്‌നിൽ നിന്ന് പിന്മാറാനും ഞങ്ങൾ തുടർന്നും ആവശ്യപ്പെട്ടുകൊണ്ടിരിക്കും., നിർഭാഗ്യവശാൽ,യുക്രെയ്‌നെതിരായ റഷ്യയുടെ പ്രകോപനരഹിതവും നീതീകരിക്കപ്പെടാത്തതുമായ യുദ്ധത്താൽ ഈ കൂടിക്കാഴ്ച വീണ്ടും പരാജയപ്പെട്ടു” ആന്റണി ബ്ലിങ്കൻ മാധ്യമങ്ങളോട് പറഞ്ഞു.