ന്യൂയോര്‍ക്ക്: സൈബര്‍ ഭീഷണിയെ തുടര്‍ന്ന് ഡ്രോണ്‍ നിര്‍മാണ രംഗത്തെ കരുത്തന്‍മാരായ ചൈനീസ് കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍നിന്ന് സൈനികരെ വിലക്കി യുഎസ് സൈന്യം.
ചൈന ആസ്ഥാനമായുള്ള ഡിജെഐ ടെക്‌നോളജിയുടെ ഡ്രോണുകള്‍ ഉപയോഗിക്കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയത്. സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളുടെ പേരിലാണിതെന്ന് യുഎസ് സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഡിജെഐ കമ്പനി നിര്‍മിതമായ എല്ലാത്തരത്തിലുള്ള ഉപകരണങ്ങളും സോഫ്റ്റ്‌വെയറുകളും ഉപയോഗിക്കുന്നതിനും വിലക്ക് ബാധകമാണെന്ന് യുഎസ് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഡ്രോണുകള്‍ ഉള്‍പ്പെടെ ഡിജെഐ കമ്പനി നിര്‍മിതമായ എല്ലാ ഉപകരണങ്ങളുടെയും ഉപയോഗം നിര്‍ത്തിവയ്ക്കാനും, ഡിജെഐ ആപ്ലിക്കേഷനുകള്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
യുഎസ് സൈന്യം ഉപയോഗിക്കുന്ന ഡ്രോണുകളിലധികവും ഡിജെഐ ഡ്രോണുകളാണ്. അതേസമയം, ഡിജെഐ ഡ്രോണുകളുടെ ഉപയോഗത്തിന് വിലക്കേര്‍പ്പെടുത്തിയ യുഎസ് സൈന്യത്തിന്റെ നടപടി തങ്ങളെ അത്ഭുതപ്പെടുത്തിയതായും ഈ നീക്കത്തില്‍ നിരാശയുണ്ടെന്നും ഡിജെഐ കമ്പനി അധികൃതര്‍ പ്രതികരിച്ചു.
ഇത്തരമൊരു തീരുമാനമെടുക്കും മുന്‍പ് തങ്ങളുമായി ബന്ധപ്പെടാന്‍പോലും യുഎസ് തയാറായില്ലെന്നും കമ്പനി വ്യക്തമാക്കി. വാണിജ്യാവശ്യങ്ങള്‍ക്കും മറ്റുമായി ലോകത്ത് ഉപയോഗിക്കുന്ന ഡ്രോണുകളില്‍ 70 ശതമാനവും ഡിജെഐ കമ്പനിയുടേതാണ്.