ഇറാനെ ആക്രമിക്കാന്‍ അനുമതി നല്‍കി ട്രംപ്;നിമിഷങ്ങള്‍ക്കുള്ളില്‍ മനംമാറ്റം

ന്യൂയോര്‍ക്ക്: ഹോര്‍മുസ് കടലിടുക്കിനു സമീപം അന്തര്‍ദേശീയ വ്യോമമേഖലയിലേയ്ക്ക് കടന്ന അമേരിക്കന്‍ സൈന്യത്തിന്റെ നിരീക്ഷണ ഡ്രോണ്‍ വെടിവെച്ചിട്ടതിന് തൊട്ടുപിന്നാലെ ഇറാനെ ആക്രമിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. റഡാര്‍, മിസൈല്‍ യൂണിറ്റുകള്‍ തുടങ്ങിയവ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ ട്രംപ് അനുമതി നല്‍കിയതായി രാജ്യാന്തര മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പിന്നീട് ട്രംപ് തീരുമാനത്തില്‍ നിന്നു പിന്നോട്ടു പോയെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാന്‍ സൈന്യത്തിനും ജനങ്ങള്‍ക്കും ഉണ്ടാകുന്ന അപകടത്തിന്റെ തോത് കുറയ്ക്കുന്നതിനായി വെള്ളിയാഴ്ച പുലരുന്നതിനു മുന്‍പ് ആക്രമണം നടത്താനായിരുന്നു ട്രംപ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ വൈറ്റ്ഹൗസില്‍ നടന്ന നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ വ്യാഴാഴ്ച രാത്രി വൈകി ട്രംപ് തീരുമാനത്തില്‍നിന്നു പിന്മാറുകയായിരുന്നു.

ആക്രമണത്തിനുളള എല്ലാ സജ്ജീകരണങ്ങളും തയ്യാറായതിനു ശേഷമായിരുന്നു ട്രംപിന്റെ പിന്‍മാറ്റം. ആക്രമണം വേണ്ടെന്ന ഉത്തരവ് വന്നതോടെ ഒരു മിസൈല്‍ പോലും ഉതിര്‍ത്തില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇറാനെതിരെയുള്ള ആക്രമണത്തില്‍ നിന്നു യുഎസ് പൂര്‍ണമായി പിന്‍വാങ്ങിയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഇറനെതിരെയുള്ള ആക്രമണത്തില്‍ നിന്ന് പിന്‍മാറാനുള്ള കാരണം ട്രംപിന്റെ മനംമാറ്റമാണോ, ഭരണതലത്തിലുള്ള ആശങ്കയാണോ എന്ന് വ്യക്തമല്ല. ഇറാനെതിരായ നീക്കത്തില്‍ ട്രംപിന്റെ മുതിര്‍ന്ന സുരക്ഷാ ഉപദേഷ്ടകന്മാര്‍ക്ക് അഭിപ്രായഭിന്നതയുണ്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍, സിഐഎ ഡയറക്ടര്‍ ജിനാ ഹാസ്പെല്‍ തുടങ്ങിയവര്‍ ആക്രമണനീക്കത്തെ അനുകൂലിച്ചു. എന്നാല്‍ പെന്റഗണിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മേഖലയില്‍ ഇപ്പോഴുള്ള അമേരിക്കന്‍ സൈനികര്‍ നേരിടേണ്ടിവരുന്ന പ്രതികൂലാവസ്ഥ ചൂണ്ടിക്കാട്ടി ഇതിനെ എതിര്‍ക്കുകയായിരുന്നു.

ഒമാന്‍ ഉള്‍ക്കടലില്‍ രണ്ട് എണ്ണടാങ്കറുകള്‍ക്കു നേര്‍ക്കുണ്ടായ ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്ന ആരോപണം നിലനില്‍ക്കുന്നതിനിടയിലാണ് യുഎസ് ഡ്രോണ്‍ തകര്‍ത്തത്. ഇറാന്റെ വ്യോമമേഖലയില്‍ കടന്നതിനെത്തുടര്‍ന്നാണ് തെക്കന്‍ പ്രവിശ്യയായ ഹോര്‍മോസ്ഗനില്‍ അമേരിക്കന്‍ സൈന്യത്തിന്റെ ആര്‍ക്യു-4 ഗ്ലോബല്‍ ഹ്വാക്ക് ഡ്രോണ്‍ വീഴ്ത്തിയതെന്ന് ഇറാനിലെ വിപ്ലവഗാര്‍ഡ് വക്താവ് ആരോപിച്ചു.

തുടര്‍ച്ചയായി 30 മണിക്കൂര്‍ വരെ പറക്കാന്‍ ശേഷിയുളള നിരീക്ഷണ പേടകമാണ് ആര്‍ക്യു-4. ലൈവ് നിരീക്ഷണ റിപ്പോര്‍ട്ടുകള്‍, മികച്ച ചിത്രങ്ങളും വിഡിയോയും എന്നിവ കൈമാറാന്‍ ശേഷിയുള്ള ഈ ഡ്രോണ്‍ ഏതു കാലാവസ്ഥയിലും പ്രവര്‍ത്തിക്കും.

Top