വാഷിംഗ്ടൺ : മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ജമാഅത്ത ഉദ്ദവ നേതാവ് ഹാഫിസ് സയീദിനെ പാകിസ്ഥാനിൽ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ചതിൽ രൂക്ഷ വിമർശനവുമായി അമേരിക്ക.
ഭീകരവാദി ഹാഫിസ് സയീദിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ പാക്കിസ്ഥാൻ സ്വീകരിച്ചില്ലെങ്കിൽ അമേരിക്കയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധത്തിന് തകർച്ച ഉണ്ടാവുമെന്ന് വൈറ്റ് ഹൗസ് ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഹാഫിസ് സയീദിനെ വിട്ടയച്ച വിഷയത്തിൽ കടുത്ത വിമർശനമാണ് അമേരിക്ക പാക്കിസ്ഥാനെതിരെ നടത്തുന്നത്.
2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ് ഹാഫിസ് സായീദ്. ജനുവരി മുതല്‍ വീട്ടുതടങ്കലില്‍ ആയിരുന്ന ഹാഫിസ് സയീദ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോചിതനായത്.
.@WhiteHouse statement on the release of #HafizSaeed pic.twitter.com/BsB7HnovtE
— U.S. Embassy India (@USAndIndia) November 25, 2017
പാക്കിസ്ഥാന്റെ മണ്ണിലെ ഭീകരവാദം ഇല്ലാതാക്കാൻ പാക് സർക്കാർ കൂടുതൽ നടപടികൾ സ്വീകരിക്കണമെന്ന് നേരെത്തെ അമേരിക്ക ആവശ്യപ്പെട്ടിരുന്നു.
ഹാഫീസ് സയീദിനെതിരെ നടപടികൾ സ്വീകരിക്കാൻ പാക്കിസ്ഥാൻ പരാജയപ്പെട്ടപ്പോൾ ഭീകരവാദത്തിനെതിരെ നടത്തുന്നവെന്ന് പറയുന്ന പോരാട്ടം സത്യമല്ലെന്നാണ് പുറത്തുവരുന്നതെന്നും , ഭീകരര്‍ക്ക് സ്വന്തം മണ്ണില്‍ അഭയം നല്‍കില്ലെന്ന പാക് വാദം നുണയാണെന്ന് തെളിയിക്കുന്നുവെന്നും വൈറ്റ് ഹൗസിന്റെ പ്രസ്താവനയില്‍ പറയുന്നു.
ഹാഫിസ് സയീദിനെ അറസ്റ്റ് ചെയ്യാൻ നടപടികൾ പാക്കിസ്ഥാൻ ഉടൻ നടപ്പാക്കണമെന്നും അല്ലെങ്കിൽ നയതന്ത്രബന്ധത്തില്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.