ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയാല്‍ പ്രശ്‌ന പരിഹാരമെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: ഇന്ത്യയും പാകിസ്താനും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്ന് അമേരിക്ക.

രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും, സമാധാനം കൈവരിക്കാനും നേരിട്ടുള്ള ചര്‍ച്ചകളില്‍ ഏര്‍പെടുന്നതിന് രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഹേതര്‍ നൗറെറ്റ് വ്യക്തമാക്കി.

പാകിസ്താനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് തില്ലേഴ്‌സന്‍ നല്‍കിയ പ്രസ്താവനകള്‍ക്ക് മറുപടി പറയുകയായിരുന്നു ഹേതര്‍.

കശ്മീര്‍ വിഷയത്തില്‍, അമേരിക്കയുടെ നയം മാറ്റിയിട്ടില്ല എന്നും, ഇരു രാജ്യങ്ങളോടും ചര്‍ച്ചയെകുറിച്ച് സംസാരിക്കുമെന്നും ഹേതര്‍ അറിയിച്ചു.

അമേരിക്കയ്ക്ക് ശക്തിയാര്‍ന്ന ഒരു നയതന്ത്ര പങ്കാളിയായി വളര്‍ന്നുവരികയാണ് ഇന്ത്യ. അഫ്ഗാന്‍ സര്‍ക്കാരിന്റെ സമ്പദ് വ്യവസ്ഥയെ പിന്തുണയ്ക്കുന്നതില്‍ ഇന്ത്യ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയും പാകിസ്ഥാനും മാത്രമല്ല എല്ലാ രാജ്യങ്ങളും അഫ്ഗാനിസ്ഥാനില്‍ വളരുന്ന തീവ്രവാദത്തെ ഇല്ലാതാകാന്‍ ശ്രമിക്കണമെന്നും അമേരിക്ക ചൂണ്ടിക്കാട്ടി.

Top