ഐസ് ബക്കറ്റ് ചലഞ്ചിന് പ്രചോദനമായ യുഎസ് അത്‌ലറ്റിന് 34ാം വയസ്സില്‍ മരണം

ണ്‍ലൈന്‍ ലോകത്ത് വിവിധ ചലഞ്ചുകള്‍ വന്നുപോകാറുണ്ട്. എന്നാല്‍ ഇത്തരം ചലഞ്ചുകള്‍ക്ക് തുടക്കം കുറിച്ച ഒരു ചലഞ്ച് ലോകമെമ്പാടും ചര്‍ച്ചയായിരുന്നു. ഐസ് ബക്കറ്റ് ചലഞ്ച് എന്ന പരിപാടിക്ക് പ്രചോദനമേകിയത് ഒരു മുന്‍പ് യുഎസ് കോളേജ് ബേസ്‌ബോള്‍ താരമാണ്. ഗുരുതരമായ ന്യൂറോഡീജനറേറ്റീവ് രോഗത്തെ പ്രതിരോധിക്കാനുള്ള ബോധവത്കരണത്തിന്റെ ഭാഗമായി തുടങ്ങിയ ചലഞ്ചിന് കാരണമായ ആ 34കാരന്‍ മരണത്തിന് കീഴടങ്ങിയതായി കുടുംബം അറിയിച്ചു.

ബോസ്റ്റണ്‍ മേഖലയില്‍ നിന്നുള്ള അത്‌ലറ്റായ പീറ്റ് ഫ്രേറ്റ്‌സാണ് 2014ല്‍ സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ ഹിറ്റായ ഐസ് ബക്കറ്റ് ചലഞ്ചിന് പ്രചോദനമേകിയ വ്യക്തികളില്‍ ഒരാള്‍. ലോവ് ഗെഹ്രിഗ്‌സ് രോഗം എന്നുകൂടി അറിയപ്പെടുന്ന എഎല്‍എസുമായുള്ള പോരാട്ടത്തിലായിരുന്നു പീറ്റ്. ലക്ഷക്കണക്കിന് പേരാണ് ഐസ് ബക്കറ്റ് ചലഞ്ചിന്റെ ഭാഗമായി തണുത്തുറഞ്ഞ വെള്ളം തലയില്‍ കമിഴ്ത്തിയത്.

ഈ വീഡിയോകള്‍ ഓണ്‍ലൈനിലും പങ്കുവെച്ച് മെഡിക്കല്‍ റിസേര്‍ച്ചിന് പണവും സംഭാവന നല്‍കും. മറ്റുള്ളവരെയും ചലഞ്ചിനായി വെല്ലുവിളിക്കുന്നതായിരുന്നു ഐസ് ബക്കറ്റ് ചലഞ്ച്. സെലിബ്രിറ്റികളും, ഉന്നത വ്യക്തികളും, സ്‌പോര്‍ട്‌സ് ടീമുകളും താരങ്ങളുമെല്ലാം ഇതില്‍ പങ്കെടുത്തു. ടോം ക്രൂസ്, സ്റ്റീവന്‍ സ്പില്‍ബര്‍ഗ്, ബില്‍ ഗേറ്റ്‌സ്, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് വരെ ചലഞ്ചിന്റെ ഭാഗമായി.

എഎല്‍എസ് ഗവേഷണത്തിനായി 200 മില്ല്യണ്‍ പൗണ്ടാണ് ഐസ് ബക്കറ്റ് ചലഞ്ച് വഴി നേടിയത്. നാഡീ വ്യൂഹം നശിക്കുന്നത് വഴി ശരീരത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നതാണ് ഈ രോഗം.

Top