കൂട്ട വെടിവയ്പ്പുകള്‍ വര്‍ധിക്കുന്നു; അമേരിക്ക ബമ്പ് സ്റ്റോക്കുകള്‍ നിരോധിച്ചു

വാഷിംഗ്ടണ്‍: അമേരിക്കന്‍ സര്‍ക്കാര്‍ ബമ്പ് സ്റ്റോക്‌സ് ഉപകരണം നിരോധിച്ചു. ഓട്ടോമാറ്റിക് തോക്കുകളെ യന്ത്രതോക്കുകളാക്കി മാറ്റുന്ന ഉപകരണമാണ് ബമ്പ് സ്റ്റോക്‌സ്. അടുത്തിടെ ലാസ് വേഗസില്‍ 58 പേരുടെ മരണത്തിന് കാരണമായ വെടിവയ്പ്പുകളില്‍ ആക്രമകാരികള്‍ ഉപയോഗിച്ചത് ബമ്പ് സ്റ്റോക്‌സ് ഘടിപ്പിച്ച ഉപകരണമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇവ നിരോധിച്ചത്.

കഴിഞ്ഞ വര്‍ഷം ലാസ് വേഗസില്‍ റൗട്ട് 91 ഹാര്‍വസ്റ്റ് ഫെസ്റ്റിവലില്‍ പങ്കെടുത്തവര്‍ക്ക് നേരെ വെടിയുണ്ടകള്‍ വര്‍ഷിച്ച സ്റ്റീഫന്‍ പാഡോക്ക് തന്റെ തോക്കുകളില്‍ ബമ്പ് സ്റ്റോക്ക് ഘടിപ്പിച്ചിരുന്നുവെന്നും കണ്ടെത്തിയിരുന്നു. ഇതിനെതുടര്‍ന്ന് ബമ്പ് സ്റ്റോക്‌സ് നിരോധിക്കണമെന്ന് വ്യപകമായി പരാതി ഉയര്‍ന്നിരുന്നു. ഇത്തരം തോക്കുകള്‍ ഉപയോഗിച്ച് മിനിറ്റില്‍ 100 കണക്കിനു വെടിയുതിര്‍ക്കാന്‍ സാധിക്കും.

നിരോധന ഉത്തരവില്‍ ആക്ടിംഗ് അറ്റോര്‍ണി ജനറല്‍ മാത്യു വൈറ്റേക്കര്‍ ഒപ്പുവെച്ചു. വെള്ളിയാഴ്ചയോടെ നിരോധന ഉത്തരവ് ഫെഡറല്‍ രജിസ്റ്ററില്‍ പ്രസിദ്ധീകരിക്കും. ഉപകരണം പൂര്‍ണമായും നശിപ്പിക്കാനുള്ള അവസാന തീയതി ഇരുപത്തിയൊന്നിനാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് അറിയിച്ചു.

Top