ന്യൂയോര്‍ക്ക് : ഉത്തര കൊറിയയുടെ ഏകാധിപതി കിം ജോങ് ഉന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ശാന്തരാകണമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ്.
നേതാക്കന്മാര്‍ തമ്മിലുള്ള വാക്‌പോര് തുടരുന്നതിനിടെ സമാധാനത്തിന് ആഹ്വാനം ചെയ്താണ് റഷ്യ രംഗത്ത് വന്നിരിക്കുന്നത്.
കാര്യങ്ങളെ വികാരപരമായി സമീപിക്കുകയല്ല വേണ്ടത്. നഴ്‌സറി സ്‌കൂളില്‍ കുട്ടികള്‍ തമ്മിലടിക്കുന്നതു പോലെയാണ് ട്രംപും കിമ്മും തമ്മിലുള്ള വാക് വാദമെന്നും ലാവ്‌റോവ് പരിഹസിച്ചു.
‘തലയ്ക്കു സ്ഥിരതയില്ലാത്ത യുഎസ് വൃദ്ധന്‍’ എന്നു ട്രംപിനെ എന്നു വിശേഷിപ്പിച്ച ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ അമേരിക്ക എന്ത് പ്രതീക്ഷിച്ചാലും അതിനപ്പുറം അനുഭവിക്കേണ്ടിവരുമെന്നും തുറന്നടിച്ചിരുന്നു.
‘സ്വന്തം ജനത്തെ പട്ടിണിക്കിടാനോ കൊല്ലാനോ മടിയില്ലാത്ത ഭ്രാന്തന്‍.’ കഴിഞ്ഞദിവസം യുഎന്‍ പൊതുസഭയിലെ തന്റെ കന്നിപ്രസംഗത്തില്‍, ഉത്തര കൊറിയയും അവരുടെ ‘റോക്കറ്റ് മനുഷ്യനും’ ഭീഷണി തുടര്‍ന്നാല്‍ പൂര്‍ണമായും നശിപ്പിക്കുമെന്നും ട്രംപ് ഇതിന് ട്വിറ്ററില്‍ മറുപടിയും നല്‍കിയിരുന്നു.
ഇതിനിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പ്രതിഷേധങ്ങളും അഭ്യര്‍ഥനകളും ഉയരുന്നതിനാല്‍ ഉത്തരകൊറിയ ചര്‍ച്ചകള്‍ക്കു തയാറാകുമെന്ന പ്രതീക്ഷയുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേര്‍സണ്‍ പറഞ്ഞു.
അമേരിക്കയോടുള്ള നിലപാടില്‍ മാറ്റം വരേണ്ടതുണ്ടെന്നും ടില്ലേര്‍സണ്‍ പറഞ്ഞു. കൂടുതല്‍ ഉപരോധം നടപ്പാക്കിയ അമേരിക്കയെ കടുത്ത ഭാഷയില്‍ വെല്ലുവിളിച്ച് ഉത്തര കൊറിയ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.