അമേരിക്ക-ചൈന സംഘര്‍ഷം പുതിയ തലത്തിലേക്ക്; ദക്ഷിണ ചൈന കടലിലേക്ക് മിസൈല്‍ തൊടുത്ത് ചൈന

ബീജിംഗ്: ചൈനീസ് നേവല്‍ ഡ്രില്ലിനിടെ നിരോധന മേഖലയില്‍ ആകാശ നിരീക്ഷണം നടത്തിയ അമേരിക്കക്ക് മുന്നറിയിപ്പെന്നോണം ദക്ഷിണ ചൈന കടലിലേക്ക് മിസൈല്‍ തൊടുത്ത് ചൈന. എയര്‍ ക്രാഫ്റ്റിനെ നശിപ്പിക്കാന്‍ ശേഷിയുള്ള രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് ചൈന തൊടുത്തതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാഴാഴ്ച രണ്ട് ഇന്റര്‍മീഡിയേറ്റ് ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ക്വിന്‍ഹായി പ്രവിശ്യയില്‍ നിന്നും ഴെജിയാങ് പ്രവിശ്യയില്‍ നിന്നുമാണ് മിസൈലുകള്‍ തൊടുത്തത്.ചൈന തുടര്‍ച്ചയായി അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നതായും ദക്ഷിണകിഴക്കന്‍ ഏഷ്യയില്‍ ചൈന അമിതമായി ഇടപെടുന്നുണ്ടെന്നും യുഎസ് പ്രതിരോധ തലവന്‍ മാര്‍ക് എസ്പെര്‍ പ്രതികരിച്ചു. തര്‍ക്ക പ്രദേശമായ ഹൈനാന്‍ പ്രവിശ്യയെ ലക്ഷ്യമാക്കിയാണ് ചൈന മിസൈല്‍ തൊടുത്തതെന്ന് വെളിപ്പെടുത്താത്ത സോഴ്സുകള്‍ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചൊവ്വാഴ്ച വടക്കന്‍ തീരത്തെ ബോഹായി കടലില്‍ ചൈനയുടെ നേവല്‍ ഡ്രില്ലിനിടെ രണ്ട് യുഎസ് ചാര വിമാനങ്ങള്‍ നിരീക്ഷണം നടത്തിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ചൈനയുടെ പതിവ് പരിശീലനങ്ങളില്‍ പോലും ഇടപെടുന്നതാണ് അമേരിക്കയുടെ നടപടിയെന്ന് ചൈനീസ് ബ്രിട്ടന്‍ അംബാസഡര്‍ ലിയു ഷിയോമിങും പ്രതികരിച്ചു.

അമേരിക്കയുടെ നടപടി പ്രകോപനപരമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതും പ്രകോപനപരവുമാണ് അമേരിക്കയുടെ നടപടിയെന്നും ചൈന കുറ്റപ്പെടുത്തി. ചൈന മിസൈല്‍ തൊടുത്തെന്ന വാര്‍ത്ത പുറത്തുവന്നയുടനെ 24 ചൈനീസ് കമ്പനികളെ അമേരിക്ക കരിമ്പട്ടികയില്‍പ്പെടുത്തിയിരിക്കുകയാണ്.

Top