ടോക്കിയോ: യുഎസും ചൈനയുമായി നടക്കുന്ന വ്യാപാരയുദ്ധത്തില്‍ ചൈനയ്ക്ക് തിരിച്ചടി. ലോകത്തെ രണ്ടാമത്തെ വലിയ ഓഹരി വിപണി രാജ്യമെന്ന സ്ഥാനത്ത് നിന്ന് ചൈന പുറത്തായി. അമേരിക്കയ്ക്ക് ശേഷം ജപ്പാനാണ് ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ ഓഹരി വിപണി രാജ്യമെന്ന ഖ്യാതി നേടിയെടുത്തത്.
കഴിഞ്ഞ ദിവസത്തെ ഓഹരി വിപണിയിലെ കനത്ത ഇടിവിനെ തുടര്‍ന്ന് ചൈനീസ് സ്റ്റോക് എക്‌സ്‌ചേഞ്ചിലെ ഓഹരി മൂല്യം 6.09 ട്രില്യണ്‍ ഡോളറായാണ് താഴ്ന്നത്. ജപ്പാനിലെ ടോക്യോ എക്‌സ്‌ചേഞ്ചിന്റെ ഓഹരി മൂല്യം 6.17 ട്രില്യണ്‍ ഡോളറാണ്.
ലോകത്തെ ഏറ്റവും വലിയ ഓഹരി വിപണിയായ യുഎസിന്റെ മൂല്യം 31 ട്രില്യണ്‍ ഡോളറും. വ്യാപരയുദ്ധമാണ് ചൈനീസ് ഓഹരി വിപണി തകരാനുളള പ്രധാന കാരണമെന്നാണ് ഓഹരി വിപണി വിദഗ്ധരുടെ അഭിപ്രായം. 2015 ജൂണില്‍ ചൈനീസ് വിപണി 10 ട്രില്യണ്‍ ഡോളര്‍ വരെ വളര്‍ന്നിരുന്നു. വ്യാപാരയുദ്ധത്തെ തുടര്‍ന്ന് ചൈനീസ് സ്റ്റോക്കുകള്‍ തകര്‍ന്നടിഞ്ഞപ്പോള്‍, ജാപ്പനീസ് സ്റ്റോക്കുകള്‍ സ്ഥിരത പ്രകടിപ്പിച്ചതാണ് ജപ്പാന്റെ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.