ക്വാലാലംപൂര്‍: നാല് വര്‍ഷം മുന്‍പ് കടലില്‍ ദുരൂഹമായി കാണാതായ എംഎച്ച് 370 മലേഷ്യന്‍ വിമാനം കണ്ടെത്തുന്നതിനുവേണ്ടി പുതിയ തിരച്ചില്‍ സംഘത്തെ നിയമിച്ചു. യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനി ഈ ആഴ്ചയാണ് തിരച്ചില്‍ ആരംഭിച്ചത്.
239 യാത്രക്കാരുമായി ക്വാലാലംപുരില്‍ നിന്ന് ബെയ്ജിംഗിലേക്കുള്ള യാത്രാമധ്യേ 2014 മാര്‍ച്ച് എട്ടിനാണ് എംഎച്ച് 370 വിമാനം അപ്രത്യക്ഷമായത്.
പുറപ്പെട്ട് ഒരു മണിക്കൂറിനു ശേഷം വിമാനവുമായുള്ള എല്ലാ ആശയവിനിമയവും തടസ്സപ്പെട്ടു. പിന്നീട്, ഗള്‍ഫ് ഓഫ് തായ്ലാന്‍ഡിനു മുകളിലൂടെ പറക്കവേ വിമാനം കാണാതായതായി അധികൃതര്‍ സ്ഥീരികരിക്കുകയായിരുന്നു.
വിവിധ രാജ്യങ്ങളുടെ സഹകരണത്തോടെ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും വിമാനത്തെക്കുറിച്ച് സ്ഥിരീകരിക്കാവുന്ന തെളിവുകള്‍ ലഭിച്ചിരുന്നില്ല. വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തിനു മുകളിലൂടെ പറന്നിരിക്കാമെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.
ഇന്ധനം തീര്‍ന്ന വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് കൂപ്പുകുത്തിയെന്നാണ് അന്വേഷണസംഘത്തിന്റെ ഏറ്റവും ഒടുവിലത്തെ നിഗമനം. അവസാന നിമിഷങ്ങളില്‍ വിമാനം ആരും നിയന്ത്രിച്ചിരുന്നില്ലെന്നും കഴിഞ്ഞ നവംബറില്‍ അന്വേഷണസംഘം പറഞ്ഞിരുന്നു. ലോകത്ത് ഇന്നുവരെ ഉണ്ടായ ഏറ്റവും നിഗൂഢമായ തിരോധാനമായിട്ടാണ് എംഎച്ച് 370ന്റെ കണക്കാക്കുന്നത്.