വാഷിംഗ്ടണ്‍: ലോകത്താകമാനമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഏറിയ പങ്കും സംഭാവന ചെയ്യുന്നത് അമേരിക്കയെന്ന് റിപ്പോര്‍ട്ടുകള്‍. വര്‍ധിച്ചു വരുന്ന മാലിന്യപ്രശ്‌നങ്ങള്‍ക്ക് അറുതി വരുത്താനായി ഫെഡറല്‍ ഗവണ്‍മെന്റിന് സമര്‍പ്പിച്ച പുതിയ റിപ്പോര്‍ട്ടിലാണ് ഈ കാര്യം പറയുന്നത്. ഏകദേശം 4.2 കോടി (42 മില്ല്യണ്‍) മെട്രിക് ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് അമേരിക്കയുടേത് മാത്രമായി 2016 ല്‍ സംഭാവന ചെയ്യപ്പെട്ടത്.
ചൈനയുടെയും യൂറോപ്യന്‍ യൂണിയനുകളുടെയും ആകെ പ്ലാസ്റ്റിക് മാലിന്യത്തിന്റെ ഇരട്ടിയോളം വരുമിത്. ശരാശരി ഒരു അമേരിക്കന്‍ പൗരന്‍ പ്രതിവർഷം 130 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം ഉത്പാദിപ്പിക്കുന്നതായി കണ്ടെത്തി. തൊട്ടു പിന്നാലെ ബ്രിട്ടന്‍, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളാണ്.
‘ഇരുപതാം നൂറ്റാണ്ടിന്റെ അത്ഭുതകരമായ കണ്ടുപിടുത്തങ്ങളില്‍ ഒന്നായിരുന്നു പ്ലാസ്റ്റിക്, എന്നാല്‍ ഇന്ന് കാണുന്നയിടങ്ങളെല്ലാം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മൂടികിടക്കുകയാണ്’ റിപ്പോര്‍ട്ടിന്റെ നേതൃചുമതല വഹിച്ച മാര്‍ഗരറ്റ് സ്പ്രിങ് അഭിപ്രായപ്പെട്ടു.
ഓരോ മിനിറ്റിലും ഓരോ ഗാര്‍ബേജ് ട്രക്ക് വരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സമുദ്രങ്ങളില്‍ വന്നടിയുന്നു. അതായത് വര്‍ഷാവര്‍ഷം 80 ലക്ഷം (8 മില്ല്യണ്‍) മെട്രിക് ടണ്‍ മാലിന്യം പുറന്തള്ളപ്പെടുന്നു. ഇതേ രീതി തുടരുകയാണെങ്കില്‍ 2030 ഓടെ വര്‍ഷാവര്‍ഷം 80 ലക്ഷമെന്നത് 5.3 കോടി (53) മില്ല്യണ്‍ മെട്രിക് ടണ്ണായി മാറിയേക്കാനുള്ള സാധ്യതയും തള്ളികളയാനാവില്ല.
ഉപയോഗിച്ച പ്ലാസ്റ്റികുകള്‍ ശേഖരിച്ച് അവ റീസൈക്കിള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ 1980 ഓടെയാണ് പാകപ്പിഴയുണ്ടായത്. ഇത് കരയിൽ മാലിന്യം കുമിഞ്ഞു കൂടാന്‍ കാരണമായി. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ തോത് കുറയ്ക്കാനുള്ള നിര്‍ദേശങ്ങളും റിപ്പോര്‍ട്ട് മുമ്പോട്ട് വെക്കുന്നു. മെച്ചപ്പെട്ട മാലിന്യ നിര്‍മാര്‍ജനം, വെര്‍ജിന്‍ പ്ലാസ്റ്റിക് ഉത്പാദനത്തിന്റെ തോത് കുറയ്ക്കുക, എളുപ്പത്തില്‍ മണ്ണില്‍ അലിയുന്ന തരത്തിലുള്ള പ്ലാസ്റ്റികുകള്‍ പുനരുപയോഗിക്കുവാന്‍ ശ്രമിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് റിപ്പോര്‍ട്ട് മുമ്പോട്ട് വെച്ചത്. ജലാശയങ്ങളിലെ മാലിന്യം ശേഖരിക്കാനുള്ള സംവിധാനങ്ങളിലൂടെയും സമുദ്രങ്ങളില്‍ മാലിന്യം അടിയുന്നത് തടയാം. എന്നാല്‍ സമുദ്രങ്ങളില്‍ നേരിട്ട് മാലിന്യം അടിയാതിരിക്കുവാനാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളെ കുറിച്ച് തയ്യാറാക്കിയതില്‍ ഏറ്റവും ആധികാരികമായ റിപ്പോര്‍ട്ടാണിത്.