പെഗാസസ് സ്പൈ വെയറിന്റെ കോഡ് വാട്സാപ്പിന് നല്‍കണം- ഉത്തരവിട്ട് യുഎസ് കോടതി

പെഗാസസിന്റെയും മറ്റ് സ്പൈ വെയറുകളുടേയും കോഡ് വാട്സാപ്പിന് നല്‍കണമെന്ന് ഉത്തരവിട്ട് യുഎസിലെ ഒരു കോടതി. പെഗാസസ് ഉള്‍പ്പടെ ലോകത്തിലെ ഏറ്റവും അത്യാധുനിക സൈബര്‍ ആയുധങ്ങളുടെ നിര്‍മ്മാതാക്കളായ എന്‍എസ്ഒ ഗ്രൂപ്പിനോടാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. 1400വാട്സാപ്പ് ഉപഭോക്താക്കളെ രണ്ടാഴ്ചക്കാലം എന്‍എസ്ഒ ഗ്രൂപ്പിന്റെ ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് രഹസ്യമായി നിരീക്ഷിച്ച സംഭവത്തില്‍ വാട്സാപ്പ് നല്‍കിയ കേസിന്റെ ഭാഗമായാണ് കോടതിയുടെ ഉത്തരവ്.

ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയത്തിന്‍രെ കര്‍ശന നിയന്ത്രണത്തിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് എന്‍എസ്ഒ ഗ്രൂപ്പ്. അതേസമയം എന്‍എസ്ഒയുടെ പെഗാസസ് കോഡും മറ്റ് നിരീക്ഷണ സംവിധാനങ്ങളും വിദേശ ഭരണകൂടങ്ങള്‍ക്ക് വില്‍ക്കുന്നതിന് ഇസ്രായേലി ഭരണകൂടത്തിന്റെ അനുമതി ആവശ്യമാണ്. 2018ഏപ്രില്‍ 29 മുതല്‍ 2020 മേയ് പത്ത് വരെ വാട്സാപ്പ് ഉപഭോക്താക്കള്‍ ആക്രമിക്കപ്പെട്ടു എന്ന് ആരോപിക്കപ്പെടുന്ന കാലയളവില്‍ പ്രസക്തമായ എല്ലാ സ്പൈ വെയറുകളും വാട്സാപ്പിന് നല്‍കാനാണ് ജഡ്ജി ഫിലിസ് ഹാമില്‍ട്ടണ്‍ ഉത്തരവിട്ടത്. ഈ സ്പൈവെയറുകള്‍ പൂര്‍ണമായും പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള വിവരങ്ങളും കൈമാറണമെന്നും കോടതി ഉത്തരവിട്ടു.

സോഫ്റ്റ് വെയര്‍ കൈമാറമെന്ന ഉത്തരവ് എന്‍എസ്ഒ ഗ്രൂപ്പിന് തിരിച്ചടിയാണെങ്കിലും ആരെല്ലാമാണ് അവയുടെ ഉപഭോക്താക്കള്‍ എന്ന് വെളിപ്പെടുത്താന്‍ കോടതി കമ്പനിയെ നിര്‍ബന്ധിച്ചില്ല. 2020 ല്‍ തന്നെ പെഗാസസ് ഉപയോഗിച്ച് വാട്സാപ്പ് ഹാക്ക് ചെയ്തതിന് എന്‍എസ്ഒ ഗ്രൂപ്പിനെതിരായ തെളിവുകള്‍ ഫേസ്ബുക്ക് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. തങ്ങളുടെ സോഫ്റ്റ് വെയര്‍ തീവ്രവാദം തടയാനും കുറ്റകൃത്യങ്ങള്‍ തടാനും ജീവന്‍ രക്ഷിക്കാനും വേണ്ടിയുള്ളതാണ് എന്നാണ് എന്‍എസ്ഒ ഗ്രൂപ്പിന്റെ വാദം. ആരോപണങ്ങള്‍ ആവര്‍ത്തിച്ച് നിഷേധിച്ച കമ്പനി 2017 ല്‍ ഫേസ്ബുക്ക് തന്നെ പെഗാസസ് വാങ്ങാന്‍ ശ്രമിച്ചിരുന്നുവെന്ന പ്രത്യാരോപണവും നടത്തി. രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും നിയമ നിര്‍വഹണ ഏജന്‍സികള്‍ക്കും മാത്രമാണ് പെഗാസസ് സോഫ്റ്റ് വെയര്‍ വില്‍ക്കാറുള്ളതെന്ന വാദത്തില്‍ എന്‍എസ്ഒ ഗ്രൂപ്പ് ഉറച്ചുനില്‍ക്കുകയാണ്.

മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍ ഉള്‍പ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 1400-ഓളം വാട്‌സാപ്പ് ഉപയോക്താക്കളുടെ അക്കൗണ്ട് പെഗാസസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തിയെന്ന് ഫെയ്‌സ്ബുക്ക് തന്നെയാണ് വെളിപ്പെടുത്തിയത്. ഇത് ആഗോളതലത്തില്‍ വിവാദമാവുകയും ചെയ്തിരുന്നു. പെഗാസസ് സ്പൈവെയര്‍ ഉപയോഗിച്ച് ഒരാളുടെ മൊബൈല്‍ ഫോണിന്റെ സമ്പൂര്‍ണ നിയന്ത്രണം ദൂരെ നിന്ന് മറ്റൊരാള്‍ക്ക് കയ്യടക്കാനാവും. ഏത് ഫോണും ഇത് വെച്ച് ഹാക്ക് ചെയ്യാം. ഫോണ്‍ കോളുകള്‍, ഇമെയിലുകള്‍, ഫോട്ടോഗ്രാഫുകള്‍, ലൊക്കേഷന്‍ വിവരങ്ങള്‍ എന്നിവയും എന്‍ക്രിപ്റ്റ് ചെയ്ത സന്ദേശങ്ങള്‍ പോലും ഉപഭോക്താവ് അറിയാതെ ചോര്‍ത്താനാവും.

Top